രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവെച്ച് സുപ്രീംകോടതിയും; പിജെ ജോസഫിന് തിരിച്ചടി

jose and joseph

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ രണ്ടില ചിഹ്നത്തിനായി പോരാടി പരാജയപ്പെട്ട് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സുപ്രീംകോടതിയും ശരിവച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്ക് രണ്ടില ചിഹ്നം ഉറപ്പാക്കാനായി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും നേരത്തെ ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പിജെ ജോസഫും, പിസി കുര്യാക്കോസും സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇതോടൊപ്പം, 450 അംഗ സംസ്ഥാന കമ്മിറ്റിയിൽ 255 അംഗങ്ങളുടെ പിന്തുണയും തങ്ങൾക്കുണ്ടെന്ന് ജോസഫ് വാദിച്ചിരുന്നു.

ഇവരുടെ പിന്തുണ സംബന്ധിച്ച സത്യവാങ്മൂലം ഉൾപ്പടെയുള്ള രേഖകൾ കൃത്യമായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണിക്ക് അനുകൂലമായ ഉത്തരവ് ഇറക്കിയതെന്നും ദിവാൻ ചൂണ്ടിക്കാട്ടി. എന്നാൽ ചിഹ്നം അനുവദിക്കാനുള്ള അധികാരം കമ്മീഷനാണെന്ന ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് ജോസഫിന്റെ ഹർജി തള്ളിയത്.

ഹർജിയിൽ പിജെ ജോസഫിന് വേണ്ടി സീനിയർ അഭിഭാഷകൻ ശ്യാം ദിവാനും, അഭിഭാഷകൻ റോമി ചാക്കോയും ഹാജരായി. പിസി കുര്യാക്കോസിന് വേണ്ടി സീനിയർ അഭിഭാഷകൻ ബസവ പ്രഭു പാട്ടീൽ ഹാജരായി. ജോസ് കെ മാണിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാലാണ് എത്തിയത്.

Exit mobile version