കുമ്മനത്തിന് ഡല്‍ഹിയിലേക്ക് ക്ഷണം; ആകാംക്ഷ നിറച്ച് രണ്ടാം മോഡി മന്ത്രിസഭ

തിരുവനന്തപുരം: രണ്ടാം മോഡി മന്ത്രിസഭയില്‍ കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ അംഗമായേക്കുമെന്ന് അഭ്യൂഹങ്ങള്‍. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് കുമ്മനം രാജശേഖരന്‍ നാളെ രാവിലെ ഡല്‍ഹിയിലേക്ക് പോകും. ഡല്‍ഹിയില്‍ എത്താന്‍ ക്ഷണമുണ്ടെന്ന് കുമ്മനം അറിയിച്ചു.

മുമ്പ് മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. ഇവിടെ ശശിതരൂരിനോട് പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് കേരളത്തിലെ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ കരുതുന്നത്.

രാജ്യസഭാംഗങ്ങളായ വി മുരളീധരന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. മുരളീധരന്‍ രാത്രിയോടെ ഡല്‍ഹിയിലേക്ക് പോകുമെന്നാണ് വിവരം. അല്‍ഫോണ്‍സ് കണ്ണന്താനം നിലവില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്. ഇദ്ദേഹം മന്ത്രിസഭയില്‍ തുടരുമെന്നാണ് വിവരങ്ങള്‍.

കുമ്മനം മന്ത്രിയാകുമോ ഇല്ലയോ എന്ന് സത്യപ്രതിജ്ഞ നടക്കുന്ന വ്യാഴാഴ്ച രാവിലെയോടെ വ്യക്തമാകും. മന്ത്രിമാരായി നിശ്ചയിച്ചവര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പ് ലഭിക്കും. കേന്ദ്ര മന്ത്രിസഭയില്‍ നിലവിലെ മന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, സുഷമാ സ്വരാജ്, സ്മൃതി ഇറാനി, രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍ എന്നിവര്‍ തുടരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

എന്‍ഡിഎ സഖ്യകക്ഷികളായ ശിവസേനയ്ക്കും ജനതാദളിനും ഓരോ കാബിനറ്റ് മന്ത്രി സ്ഥാനവും സജഹമന്ത്രി സ്ഥാനവും ലഭിക്കും. അകാലിദളിനും അപ്നാ ദളിനും മന്ത്രിസ്ഥാനമുണ്ടാകും.

Exit mobile version