ജോസ് കെ മാണിക്കും പിജെ ജോസഫിനും വേണ്ടി കേരള കോണ്‍ഗ്രസ്സില്‍ അധികാര വടംവലി രൂക്ഷം

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെഎം മാണിയുടെ ഒഴിവില്‍ ചെയര്‍മാന്‍ സ്ഥാനം പിടിക്കാന്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമാക്കി ഇരുപക്ഷവും.

പ്രബലമായ ഒരു വിഭാഗം മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണിക്കും മറ്റൊരു വിഭാഗം പിജെ ജോസഫിനും വേണ്ടിയുള്ള ചരട് വലികള്‍ ശക്തമാക്കിയിരിക്കുകയാണ്.

ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സിഎഫ് തോമസിനെ കണ്ട് മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യമുന്നയിച്ചു കഴിഞ്ഞിരിക്കുകയാണ്. പിജെ ജോസഫ് വരുന്നത് തടയുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് വേണമെന്നും വിവിധ ജില്ലകളിലെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റുമാര്‍ ശക്തമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

14 ജില്ലകളില്‍ 10ലും ജോസ് കെ മാണി യോട് വിധേയത്വം പുലര്‍ത്തുന്നവരാണ് ജില്ലാ പ്രസിഡന്റുമാര്‍. ഇതില്‍ ഒന്‍പത്പേരാണ് സിഎഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചത്. സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മാണിക്ക് പകരം മുതിര്‍ന്ന നേതാവ് പിജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാകണമെന്ന നിലപാട് ഒരു വിഭാഗം പ്രവര്‍ത്തകരും ഉന്നയിക്കുന്നു. എന്നാല്‍, പിജെ ജോസഫിന്റെ കൈയിലേക്ക് പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനം വച്ചുകൊടുക്കുന്നതില്‍ ജോസ് കെ മാണിയോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് ശക്തമായ വിയോജിപ്പ് ഉണ്ട്.

അതേസമയം, പാര്‍ട്ടി നേതൃസ്ഥാനം സംബന്ധിച്ച് അധികം വൈകാതെ തീരുമാനം ഉണ്ടാവുമെന്ന് ജോസ് കെ മാണി അറിയിച്ചു. നിലവില്‍ ആരുടെയെങ്കിലും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version