പികെ ശ്രീമതി ടീച്ചറെ അപമാനിക്കുന്ന വീഡിയോ: കെ സുധാകരനെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി പികെ ശ്രീമതി ടീച്ചറെ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സംഭവത്തില്‍ ഞായറാഴ്ച സുധാകരനെ കര്‍ശനമായി താക്കീതു ചെയ്ത സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വിവാദ പരസ്യം ഉടന്‍ പ്രാബല്യത്തോടെ ഫേസ്ബുക്ക് പേജില്‍നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ചയും നീക്കിയില്ലെന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ എഫ്‌ഐആര്‍ രേഖപ്പെടുത്തി തുടര്‍നടപടി സ്വീകരിക്കാന്‍ കമീഷണര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സുധാകരനെതിരെ ക്രിമിനല്‍ കേസെടുക്കാമെന്ന് നിയമോപദേശവും പോലീസിനു ലഭിച്ചു. ഇതു പ്രകാരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുക (ഐപിസി 171 സി), തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുന്ന നിലയില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുക(ഐപിസി 171 ജി), വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന നിലയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക (ഐപിസി 505(2)), സ്ത്രീത്വത്തെ അപമാനിക്കല്‍ (ഐപിസി 509) വകുപ്പുകള്‍ പ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ സിഐ എ ഉമേഷ് കേസെടുത്തത്. ഐപിസി 505(2), 509 എന്നിവ മൂന്നുവര്‍ഷം വീതം തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്.

പികെ ശ്രീമതി ടീച്ചറെ വ്യക്തിപരമായി തേജോവധം ചെയ്യാനുദ്ദേശിച്ച് തയ്യാറാക്കിയ വീഡിയോ പരസ്യം ടീച്ചറെ മാത്രമല്ല, സ്ത്രീസമൂഹത്തെയാകെ ഇകഴ്ത്തുന്നതും അവഹേളിക്കുന്നതുമാണ്. ഈ മാസം 16ന് ചേര്‍ന്ന മീഡിയ മോണിറ്ററിങ് ആന്‍ഡ് മാനേജ്‌മെന്റ് കമ്മിറ്റി (എംസിഎംസി) യോഗം ഈ പരസ്യത്തിന് അനുമതി നിഷേധിച്ചിട്ടും കെ സുധാകരനും യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റിയും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

17ന് ശ്രീമതി ടീച്ചറുടെ ചീഫ് ഏജന്റായ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി തെരഞ്ഞെടുപ്പു കമീഷനും പോലീസിലും പരാതി നല്‍കി. പരസ്യം ഒഴിവാക്കണമെന്ന് ജില്ലാ വരണാധികാരിയായ കലക്ടര്‍ ആവശ്യപ്പെട്ടെങ്കിലും സുധാകരന്‍ നിരാകരിച്ചു.

സ്ത്രീവിരുദ്ധവും സ്ത്രീകളുടെ അന്തസ്സിനെയും അഭിമാനത്തെയും ഇടിച്ചുതാഴ്തുന്നതുമായ പരസ്യം ജനപ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നു കണ്ടെത്തിയാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ സുധാകരനെ താക്കീതു ചെയ്തത്.

ജനപ്രാതിനിധ്യനിയമത്തിലെ അനുഛേദം 123(4) പ്രകാരം ശിക്ഷാര്‍ഹമാണിതെന്നും ഉത്തരവില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാവുന്ന വിധത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനും വിവിധ ജനവിഭാഗങ്ങളില്‍ സ്പര്‍ധ വളര്‍ത്താനും സ്ത്രീത്വത്തെ അപമാനിക്കാനും കരുതിക്കൂട്ടി തയ്യാറാക്കി പ്രചരിപ്പിച്ചതാണെന്നതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, 171 ജി, 505(2), 509 വകുപ്പുകള്‍ പ്രകാരവും കേസെടുക്കാവുന്നതാണെന്നാണ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച നിയമോപദേശം. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ഗവണ്‍മെന്റ് പ്ലീഡറുമായ അഡ്വ. ബി പി ശശീന്ദ്രനാണ് നിയമോപദേശം നല്‍കിയത്. സുധാകരനെതിരെ സംസ്ഥാന വനിതാ കമീഷനും കേസെടുത്തിട്ടുണ്ട്.

Exit mobile version