മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതി! നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടനെ ഇഷ്ടം: തുറന്നടിച്ച് ഗോകുല്‍ സുരേഷ്

തൃശൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയ നടന്‍ ബിജു മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

അതേസമയം, ബിജു മേനോന് എതിരെയുള്ള വിമര്‍ശനത്തിനെതിരെ പ്രതികരിച്ച് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് രംഗത്ത്. ‘ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ’- ഗോകുല്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ബിജു മേനോന് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ പങ്കുവച്ചാണ് ഗോകുല്‍ രംഗത്തെത്തിയത്. ഇങ്ങനെ ഒരേപോലത്തെ കമന്റുകള്‍ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതി.

ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിജു മേനോന്‍. താന്‍ കണ്ടതില്‍ വച്ചേറ്റവും മനുഷ്യ സ്നേഹിയായ ഒരാളാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി തൃശൂര്‍ക്കാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിര്‍മാതാവ് ജി സുരേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

Exit mobile version