അപര്‍ണ ബാലമുരളി മികച്ച നടി, മികച്ച നടന്മാര്‍ സൂര്യയും അജയ് ദേവ്ഗണും: മികച്ച ഗായികയായി നഞ്ചിയമ്മ, ‘സൂരരൈ പോട്രു’ മികച്ച സിനിമ

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. മികച്ച നടിയായി അപര്‍ണ ബാലമുരളി. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയ്ക്കും അജയ് ദേവ്ഗണിനും ലഭിച്ചു.

സുധ കൊങ്ങര ഒരുക്കിയ തമിഴ് സിനിമ ‘സൂരരൈ പോട്രു’ എന്ന ചിത്രമാണ് മികച്ച സിനിമ. സൂരരൈ പോട്രുവിലെ അഭിനയത്തിനാണ് അപര്‍ണയ്ക്കും സൂര്യയ്ക്കും അവാര്‍ഡ്.തന്‍ഹാജി എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവ്ഗണ്‍ പുരസ്‌കാരം നേടിയത്.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയ’ത്തിനാണ്. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നഞ്ചിയമ്മ നേടി. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിനാണ് പുരസ്‌കാരം. ബിജു മേനോനാണ് മികച്ച സഹനടന്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന് അവാര്‍ഡ് ലഭിച്ചത്. സിനിമയുടെ സംവിധായകനായ സച്ചിയാണ് മികച്ച സംവിധായകന്‍.

മികച്ച സംഘട്ടനം മാഫിയ ശശിക്ക് ലഭിച്ചു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയില്‍ സംഘട്ടനം ഒരുക്കിയതിനാണ് അവാര്‍ഡ്. കപ്പേള എന്ന ചിത്രത്തിലൂടെ അനീസ് നാടോടി മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം നേടി. മികച്ച ശബ്ദമിശ്രണം മാലിക്കിലൂടെ ശ്രീശങ്കറിനു ലഭിച്ചു.

‘വാങ്ക്’ എന്ന സിനിമയിലൂടെ സംവിധായകന്‍ കാവ്യാ പ്രകാശിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ശോഭ തരൂര്‍ ശ്രീനിവാസന്‍ മികച്ച വിവരണത്തിനുള്ള പുരസ്‌കാരം നേടി.

കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഈ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്വന്തമാക്കി.

Exit mobile version