നവജാതശിശുവിനെതിരെ വര്‍ഗീത അധിക്ഷേപം: എറണാകുളം സ്വദേശി അറസ്റ്റില്‍

കൊച്ചി: അടിയന്തര ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് ആംബുലന്‍സില്‍ കൊണ്ടു വന്ന പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെതിരെ ഫേസ്ബുക്കില്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയയാളെ അറസ്റ്റ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി.

എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരത്തെയാണ് കേസില്‍ റിമാന്‍ഡ് ചെയ്തത്. മംഗലാപുരത്ത് നിന്നും ആംബുലന്‍സില്‍ കൊണ്ടു വന്ന കുഞ്ഞിനെതിരെ ഇയാള്‍ ഫേസ്ബുക്കിലൂടേയും ട്വിറ്ററിലൂടേയും വര്‍ഗീയ പരാമര്‍ശം നടത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് രംഗത്തു വന്നിരുന്നു.

ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമണ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കൊച്ചി സെന്‍ട്രല്‍ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മതസ്പര്‍ധയുണ്ടാക്കും വിധം പോസ്റ്റ് ഇട്ടതിനായിരുന്നു കേസെടുത്തത്. അറസ്റ്റ് ചെയ്ത ബിനിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുഞ്ഞിനെ ന്യൂനപക്ഷ ജിഹാദിയുടെ വിത്ത് എന്നാണ് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലൂടെ വിശേഷിപ്പിച്ചത്. പോസ്റ്റ് വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വിചിത്ര ന്യായം ഇയാള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ താന്‍ മദ്യപിച്ചിരുന്നുവെന്ന വര്‍ഗീയവാദികളുടെ സ്ഥിരം പല്ലവിയും ആചാരസംരക്ഷകനെന്ന് സ്വയം അവകാശപ്പെടുന്ന ബിനില്‍ ഉയര്‍ത്തിയിരുന്നു.

Exit mobile version