പ്രധാനമന്ത്രിയ്ക്ക് ആകെ താല്‍പര്യം അംബാനി, അദാനി, പശു എന്നിവയില്‍ മാത്രം: പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇഷ്ടം പോലെ തീറെഴുതി കൊടുക്കാന്‍ നരേന്ദ്ര മോഡിയുടെ തറവാട്ട് സ്വത്തല്ല; സുഭാഷിണി അലി

തിരുവനന്തപുരം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അംബാനിക്കും അദാനിക്കും ഇഷ്ടം പോലെ തീറെഴുതി കൊടുക്കാന്‍ നരേന്ദ്ര മോഡിയുടെ തറവാട്ട് സ്വത്തല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. നരേന്ദ്ര മോഡിക്ക് ആകെ താല്പര്യമുള്ളത് മൂന്ന് വിഷയങ്ങളിലാണ്- അംബാനി, അദാനി, പശു.

രാജ്യത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും അവര്‍ പറഞ്ഞു. എല്‍ഡിഎഫ് തിരുവനന്തപുരം വളക്കടവില്‍ ഞായറാഴ്ച സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു സുഭാഷിണി അലി.

തിരുവനന്തപുരം വിമാനത്താവളം അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ അദാനിക്ക് തീറെഴുതി കൊടുത്തു. സൈക്കിളിന്റെ പഞ്ചര്‍ ഓടിക്കാന്‍ അറിയാത്ത അനില്‍ അംബാനിക്ക് റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ലൈസന്‍സും നല്‍കി.

എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയാണ്. പോത്തിറച്ചി വില്‍ക്കുകയും ഭക്ഷിക്കുകയും ചെയ്തതിന്റെ പേരില്‍ ദളിത്, മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ കൊല്ലപ്പെടുക പോലും ചെയ്യുന്നു. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ബീഫ് വലിയ ഇഷ്ടമാണ്. എന്നാല്‍ സംസ്ഥാന അതിര്‍ത്തി കടക്കുന്നതും പശു അവര്‍ക്ക് അമ്മയായി മാറുന്നു.

ഡല്‍ഹിയില്‍ കേരളാ ഹൗസിലെ അടുക്കളയില്‍ ബീഫ് പാകം ചെയ്യുന്നോ എന്നറിയാന്‍ സംഘത്തെ വിടാന്‍ ധാര്‍ഷ്ട്യം കാണിച്ചു നരേന്ദ്ര മോഡി. അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി മോഡിയെ ഫോണില്‍ വിളിച്ച് മാപ്പിരക്കുകയാണുണ്ടായത്. അന്ന് പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന പികെ ശ്രീമതി, പി കരുണാകരന്‍, പി രാജീവ്, എം ബി രാജേഷ്, എ സമ്പത്ത്, പികെ ബിജു ഉള്‍പ്പെടെയുള്ള ഇടതുപക്ഷ എംപിമാരാണ് കേരള ഹൗസിന് മുന്‍പില്‍ ധര്‍ണ നടത്താന്‍ തയ്യാറായത്. അക്കൂട്ടത്തില്‍ ശശി തരൂര്‍ ഉണ്ടായിരുന്നില്ല എന്നത് ദുഃഖകരമാണ്.

പ്രളയത്തില്‍ അകപ്പെട്ട മലയാളക്കരയെ സ്വന്തം ജീവന്‍ അപകടത്തിലാക്കി രക്ഷിച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. അവര്‍ പിടിച്ച മീന് പോലും അയിത്തം കല്‍പ്പിക്കുന്ന തരൂര്‍ ന്യൂനപക്ഷങ്ങള്‍ക്കായി എന്ത് ചെയ്യുമെന്നാണ് പറയുന്നത്? ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ സ്വന്തം അണികളുടെ പിന്തുണ പോലും നഷ്ടപ്പെട്ട് ഹൈകമാന്റിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് തരൂര്‍.

നരേന്ദ്ര മോഡി മുത്തലാഖ് ബില്‍ കൊണ്ടുവന്നു. ആ വിഷയത്തില്‍ സുപ്രീം കോടതി വിധിക്ക് അനുകൂലമാണ് ഇടതുപക്ഷ നിലപാട്. മോഡിക്ക് ഭാര്യയെ ഉപേക്ഷിച്ച് പ്രധാനമന്ത്രി ആകാം, മുത്തലാഖ് ചൊല്ലിയ മുസ്ലിം ജയിലില്‍ പോവുകയും ചെയ്യേണ്ടി വരുന്നതിനെയാണ് സിപിഎം എതിര്‍ക്കുന്നത്.

ഒരു സിവില്‍ കുറ്റത്തിനെ ക്രിമിനല്‍ കുറ്റമാക്കുന്നത് പാര്‍ലമെന്റില്‍ ചോദ്യം ചെയ്തതും കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാരാണ്. എടപ്പാളിലും കുറ്റിപ്പുറത്തും വലിയ വര്‍ത്തമാനം പറഞ്ഞു നടക്കുന്ന എംപി ബിരിയാണി കഴിക്കാന്‍ പോയതുകൊണ്ട് പാര്‍ലമെന്റില്‍ എത്താനായില്ല എന്നാണ് പറയുന്നതെന്നും സുഭാഷിണി പരിഹസിച്ചു.

Exit mobile version