ദിവസവും പാക്കറ്റ് കണക്കിന് സിഗരറ്റിന്റെ അടിമ; ഒടുവില്‍ മകള്‍ക്ക് വേണ്ടി സിഗരറ്റിനെ ഉപേക്ഷിച്ച കെഎം മാണി

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായനായ കെഎം മാണിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരള സമൂഹം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയും പാലാ എംഎല്‍എയുമായി, പകരക്കാരനില്ലാത്ത ജനകീയ നേതാവിന്റെ നഷ്ടം ബാക്കിയാക്കിയാണ് മാണി വിടവാങ്ങിയത്.

രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തമായ ശബ്ദത്തിനുടമയാണ് കെഎം മാണി. ചെറുപ്പകാലത്ത് നിരന്തരം പുകവലിക്കുന്ന ആളായിരുന്നു കെഎം മാണി. ദിവസവും പാക്കറ്റ് കണക്കിന് സിഗരറ്റ് വലിച്ചിരുന്നു മാണി. മൂത്തമകള്‍ക്ക് വേണ്ടി സിഗരറ്റിനെ ഉപേക്ഷിച്ചയാളാണ് മാണി. ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ആ രൂപം മനസ്സിലേക്ക് വരും. ഈ ശീലം നിര്‍ത്താനായി പല തവണ പ്രതിജ്ഞയെടുത്തു.

ട്രെയിനില്‍ പോകുമ്പോള്‍ സിഗരറ്റ് പാക്കറ്റ് വലിച്ചെറിഞ്ഞശേഷം ഇനി കൈകൊണ്ട് തൊടില്ലെന്ന് പ്രതിജ്ഞയെടുക്കും. മണിക്കൂറുകള്‍ കഴിയുമ്പോള്‍ പ്രതിജ്ഞ ലംഘിക്കേണ്ടിവരും.

മകളുടെ പ്രസവ ദിവസമാണ് ഇനി പുകവലിക്കില്ലെന്ന് മാണി ഉറച്ച തീരുമാനമെടുത്തത്. അന്ന് ധനമന്ത്രിയാണ് മാണി. ആ പ്രതിജ്ഞ ഒരിക്കലും ലംഘിക്കപ്പെട്ടില്ല. മൂത്ത മകള്‍ എല്‍സമ്മ കന്നി പ്രസവത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ടു.

മകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം. ഇതോടെ പരിഭ്രാന്തനായ മാണി മകള്‍ക്ക് ദൈവാനുഗ്രഹം ലഭിക്കാന്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുഖപ്രസവം നടന്നതോടെ പിന്നീടൊരിക്കലും കെഎം മാണി പുകവലിച്ചില്ല. പക്ഷേ, പുകവലിയുടെ അനന്തരഫലമായുണ്ടായ ശബ്ദവ്യത്യാസവും പ്രസംഗത്തിലെ ശൈലികളും ‘ട്രേഡ് മാര്‍ക്കായി’ മാറി.

Exit mobile version