മാണിക്കെതിരെ ഉന്നയിച്ച നീചമായ ആരോപണങ്ങൾ ബിജു രമേശ് ആവർത്തിക്കുന്നു; പിതാവിനെ വേട്ടയാടിയവർ തന്നെ ലക്ഷ്യം വെയ്ക്കുന്നു: ജോസ് കെ മാണി

രുവനന്തപുരം: യുഡിഎഫ് സർക്കാരിനെ ഉലച്ച ബാർക്കോഴ കേസ് ഒതുക്കിതീർക്കുന്നതിന് ബിജു രമേശിന് പത്ത് കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി ജോസ് കെ മാണി. കെഎം മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ബിജു രമേശ് നടത്തുന്നതെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി.

അന്ന് പിതാവിനെ വേട്ടയാടിയവർ ഇന്ന് തന്നെ ലക്ഷ്യം വെയ്ക്കുകയാണ് ഇതുവരെ ഉന്നയിക്കാത്ത ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയതിന്റെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ മാണി പറഞ്ഞു.

ബാർ കോഴകേസിൽ കെഎം മാണിക്കെതിരായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ഏജൻസി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്തവരിൽ ബിജു രമേശുമുണ്ടെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാർ കോഴ കേസ് പിൻവലിക്കാൻ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ് ആരോപിച്ചിരിക്കുന്നത്. പണം ആവശ്യപ്പെട്ടതിന്റെ തെളിവുകൾ വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നും ബിജു പറഞ്ഞു.

പഴയ സർക്കാർ ഒരു കറവ പശുവിനെപോലെയായിരുന്നു ബിസിനസുകാരെ കണ്ടിരുന്നതെന്നും കിട്ടുന്നതെല്ലാം അവർ പിടിച്ച് വാങ്ങിയെന്നും ബിജു രമേശ് പറഞ്ഞു. ജോസ് മുന്നണിയിലേക്ക് വന്ന സാഹചര്യത്തിൽ സർക്കാർ അത് പോലെയാകാൻ സാധ്യതയുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

കെ ബാബുവിന്റെ നിർദേശ പ്രകാരം പലർക്കും പണം വീതം വെച്ച് നൽകി. 50 ലക്ഷം രൂപ കെ ബാബുവിന്റെ ഓഫീസിൽ കൊണ്ടു നൽകി. ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിൽ നൽകിയെന്നും 25 ലക്ഷം രൂപ വിഎസ് ശിവകുമാറിന്റെ വീട്ടിലെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version