ശബരിമലയെ ഉയര്‍ത്തിപ്പിടിച്ച് തന്നെ പ്രചാരണം; നിലപാട് വ്യക്തമാക്കി ശ്രീധരന്‍ പിള്ള

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണപത്രികയില്‍ ശബരിമല ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി സുപ്രീം കോടതിയില്‍ നിലപാടെടുക്കുമെന്ന് പ്രകടന പത്രികയില്‍ ബിജെപി വ്യക്തമാക്കുന്നു.

മതപരമായ വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശബരിമലയെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം ഉള്‍പ്പടെ പരിഗണിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചട്ടലംഘന നോട്ടീസില്‍ സുരേഷ് ഗോപിയെ ശ്രീധരന്‍ പിള്ള ന്യായീകരിച്ചു.

സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപിയുടെ പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യം പറയാന്‍ അവകാശമുണ്ട്. ശബരിമലയെപ്പറ്റി പറഞ്ഞുകൂടാ എന്ന നിലപാട് കേരളത്തിലെ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ചാനലുകളില്‍ പോയി വിശദീകരണം നല്‍കിയത് ശരിയായില്ല, നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് തിരുത്താന്‍ തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ടിക്കാറാം മീണയുടേതായി കേട്ടത് സിപിഎമ്മിന്റെ ശബ്ദമാണ്. ശബരിമലയെ ഉയര്‍ത്തിപ്പിടിച്ച് തന്നെ പ്രചാരണം നടത്തും. ദൈവത്തെ ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം ശരിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Exit mobile version