കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണ് മരിച്ചത്. കുരങ്ങു പനി ബാധിച്ച് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ രണ്ട് പേരും ബാവലിയിലെ 46 കാരിയും ഉള്‍പ്പടെ ആറ് പേര്‍ ചികിത്സയിലാണ്.
ബാവലിയില്‍ വനത്തിനുള്ളിലെ തടി ഡിപ്പോയില്‍ പണിക്കു പോയപ്പോഴാണ് സുന്ദരന് രോഗബാധയുണ്ടായതെന്നു സംശയിക്കുന്നു. ഇവിടെ കുരങ്ങുകള്‍ ചത്തുവീണിരുന്നു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുനെല്ലി മേഖലയില്‍ നിന്നുള്ളവരാണ്. കര്‍ണാടക വനമേഖലയില്‍ ജോലിക്കു പോയവരിലാണ് രോഗം കണ്ടെത്തിയത്.
വയനാട് ജില്ലയില്‍ അടുത്തകാലത്തായി ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അസുഖമാണ് കുരങ്ങുപനി. കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി,പട്ടുണ്ണി,വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം.