പരീക്ഷയ്ക്കിടെ ശൗചാലയം നിഷേധിച്ച സംഭവം: പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശൗചാല സൗകര്യമൊരുക്കണം; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്കിടെ സമ്മര്‍ദ്ദമുണ്ടാക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശൗചാല സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരീക്ഷാ സൂപ്രണ്ടുമാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. കടയ്ക്കലില്‍ വിദ്യാര്‍ത്ഥിക്ക് ശൗചാലയ സൗകര്യം നിഷേധിച്ച സാഹചര്യത്തിലാണ് ഉത്തരവ്.

കഴിഞ്ഞ ചൊവ്വാഴ്ച കെമിസ്ട്രി പരീക്ഷ തുടങ്ങിയ ഉടനെയാണ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥിക്ക് പരീക്ഷ ഹാളില്‍ വച്ച് വയറുവേദന അനുഭവപ്പെടുകയും കുട്ടി ഇന്‍വിജിലേറ്ററിനെ ആവശ്യം അറിയിക്കുകയും ചെയ്തത്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ ബുദ്ധിമുട്ട് പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക വിസമ്മതിച്ചു.

പരീക്ഷയെഴുതാന്‍ പോലും കഴിയാതെ വിഷമിച്ച വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് അയച്ചു.

വീട്ടിലെത്തിയ വിദ്യാര്‍ത്ഥി വീട്ടുകാരോട് കാര്യം പറഞ്ഞില്ല. എന്നാല്‍ ബുധനാഴ്ചയോടെ സംഭവം അറിയാന്‍ ഇടയായ രക്ഷിതാക്കള്‍ അധ്യാപികയ്ക്കെതിരെ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിയ്ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു.

Exit mobile version