പത്തനംതിട്ടയില്‍ നിര്‍ദേശിച്ചത് ഒറ്റപ്പേര്, കേന്ദ്രം അത് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല; എംടി രമേശ്

കൊച്ചി: പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് സാങ്കേതികം മാത്രമാണെന്ന് ബിജെപി നേതൃത്വം. പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദേശിച്ചത് ഒറ്റപ്പേര് മാത്രമെന്ന് എംടി രമേശ് പറഞ്ഞു. കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല.

പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറിനിന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്നും എംടി രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ അങ്ങേയറ്റം വിജയ പ്രതീക്ഷയാണുള്ളതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് തനിക്കെതിരെ വോട്ടുകച്ചവടം നടക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തലസ്ഥാനത്ത് തീപാറും മല്‍സരം നടക്കും. ഇരുമുന്നണികളും ആശങ്കയില്‍ ആണ്.

ആലപ്പുഴയില്‍ ഉറപ്പായും ജയിക്കുമെന്ന് കെഎസ് രാധാകൃഷ്ണനും പറഞ്ഞു. മണ്ഡലം ആവശ്യപ്പെട്ട് തന്നെയാണ് സ്ഥാനാര്‍ഥിയായത്. തീപാറുന്ന പോരാട്ടം കണ്ണൂരില്‍ നടക്കുമെന്ന് സികെ പത്മനാഭന്‍. എല്‍ഡിഎഫ് യുഡിഎഫ് മല്‍സരമെന്ന ധാരണ മാറും. എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version