കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികള്‍ ഓച്ചിറ സ്വദേശികള്‍, നാലുപേരെ കേന്ദ്രീകരിച്ച് അന്വേഷണം

ഓച്ചിറ: കൊല്ലം വലിയകുളങ്ങരയ്ക്കു സമീപം കുടുംബത്തെ ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ തിരിച്ചറിഞ്ഞു. ഓച്ചിറ സ്വദേശികളായ റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

രാജസ്ഥാന്‍ സ്വദേശികളായ വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

കഴിഞ്ഞ രാത്രി 10 മണിയോടെയാണ് സംഭവം. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അച്ഛനേയും അമ്മയേയും മര്‍ദിച്ചതിനു ശേഷമാണ് അക്രമിസംഘം പെണ്‍കുട്ടിയുമായി കടന്നത്. സംഭവത്തില്‍ വലിയകുളങ്ങര കന്നിട്ടയിലെ സിപിഐ പ്രാദേശിക നേതാവായ നവാസിന്റെ മകന്‍ റോഷനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. നാലുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമത്തില്‍ പിതാവിന്റെ കൈയ്ക്ക് പരിക്കേറ്റു.

മൂന്നു വര്‍ഷമായി വലിയകുളങ്ങരയില്‍ താമസിക്കുന്ന ഇവര്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ നിര്‍മിച്ച് കച്ചവടം നടത്തുകയാണ്. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Exit mobile version