കോണ്‍ഗ്രസിലെ ശക്തരായ നേതാക്കള്‍ ബിജെപിയിലേക്ക്: പേര് കേട്ടാല്‍ ഞെട്ടുമെന്നും ടോം വടക്കന്‍

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങിയിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി ബിജെപി ക്യാമ്പില്‍ നീക്കം ശക്തം. കോണ്‍ഗ്രസിലെ അതിശക്തരായ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് നേരത്തെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അറിയിച്ചിരുന്നു, അതേസമയം, പ്രമുഖ കോണ്‍ഗ്രസ് നേതാവും ബിജെപിയിലേക്ക് ചേക്കേറിയ ടോം വടക്കനും ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

കെപിസിസി നിര്‍വാഹക സമിതിയില്‍പ്പെട്ടവര്‍ അടക്കം ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. പേര് കേട്ടാല്‍ അതിശയം തോന്നുന്ന പലരും ബിജെപിയില്‍ ചേരാന്‍ സന്നദ്ധരായി എത്തിയിട്ടുണ്ടെന്ന് ശ്രീധരന്‍പിള്ളയെ കണ്ട ശേഷം ടോം വടക്കനും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും ടോം വടക്കന്റെ വരവ് ഒരു തുടക്കം മാത്രമാണെന്നും പിള്ള നേരത്തേ പറഞ്ഞിരുന്നു. ഇനി വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെത്തും. പ്രമുഖരായ നേതാക്കളാണ് വരുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാന ഘടകം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിനിടെ കെ സുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും പത്തനംതിട്ട സീറ്റ് നല്‍കില്ലെന്നാണ് സൂചന. ടോം വടക്കനെ ചാലക്കുടിയിലും തുഷാര്‍ വെള്ളാപ്പള്ളിയെ തൃശൂരും മത്സരിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാല്‍ മത്സരിക്കുന്നില്ലെന്ന് തുഷാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പത്തനംതിട്ടയോ തൃശൂരോ കിട്ടിയില്ലെങ്കില്‍ മത്സരരംഗത്തേ ഉണ്ടാകില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍.

Exit mobile version