കെവി തോമസിന്റെ ഗൈഡന്‍സിന് കീഴിലാകും മത്സരിക്കുക, അദ്ദേഹം പിന്തുണയ്ക്കും; ഹൈബി ഈഡന്‍

കൊച്ചി: സിറ്റിംഗ് എംപി കെവി തോമസിനെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നൊഴിവാക്കിയlില്‍ നിലപാടറിയിച്ച് എറണാകുളം സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. കെവി തോമസിന്റെ ഗൈഡന്‍സിന് കീഴിലാകും താന്‍ മല്‍സരിക്കുക. ഹൈക്കമാന്‍ഡ് അദേഹത്തിന് വലിയ ചുമതല നല്‍കുമെന്നും ഹൈബി പറഞ്ഞു.

പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ആത്മാര്‍ഥതയോടെ താന്‍ നിറവേറ്റും. കെവി തോമസ് പക്വതയുളള നേതാവാണ്. അദ്ദേഹം പിന്തുണയ്ക്കുമെന്ന് ഹൈബി വ്യക്തമാക്കി. സീറ്റ് നിഷേധിച്ചതില്‍ കെവി തോമസ് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഹൈബിയുടെ പ്രതികരണം.

ഒരിക്കലും ഈ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതല്ല. എന്നാല്‍ പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ആത്മാര്‍ത്ഥതയോടെ നിറവേറ്റും. എറണാകുളത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയിട്ടുളള നേതാവാണ് കെവി തോമസ്. താന്‍ മത്സരരംഗത്തില്ല എന്ന് നേരത്തെ തന്നെ കെവി തോമസിനെ ബോധ്യപ്പെടുത്തിയിരുന്നു.

അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുമാണ് തുടര്‍ന്ന് പ്രവര്‍ത്തിക്കുക. ഈ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമാണ്. ഇവിടെ ജയിക്കേണ്ടത് അനിവാര്യമാണ്. ഈ തെരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകും. ആ രാഷ്ട്രീയപോരാട്ടത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

കെവി തോമസ് പരിചയസമ്പത്തുളള നേതാവാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എക്കാലത്തെയും കരുത്താണ് അദ്ദേഹം. വരുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അദ്ദേഹം സജീവമായി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്തേണ്ടിടത്ത് നിന്നും കൃത്യമായ ആശയവിനിമയം ലഭിക്കാതിരുന്നതാണ് കെവി തോമസിന്റെ പ്രതികരണത്തിന് കാരണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യുക്തമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൈബി പറഞ്ഞു.

എറണാകുളം എംപിയായി മാതൃകാ സേവനം കാഴ്ച വച്ച തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ ദുഃഖമുണ്ടെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെവി തോമസ് പ്രതികരിച്ചത്. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്, ആകാശത്ത് നിന്ന് പൊട്ടി വീണ ആളല്ല താനെന്നും പ്രായമായത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തീരുമാനം അംഗീകരിക്കുന്നു. പക്ഷേ പറയാമായിരുന്നു. അതുണ്ടായില്ല.

Exit mobile version