യുദ്ധം എന്നത് വാര്‍ത്തകളിലൂടെ മാത്രം അറിയുന്നവരോട്! ദയവു ചെയ്ത് ആര്‍പ്പുവിളിക്കരുത്, ഉള്ളില്‍ വെന്തുരുകിയാണ് ഇവിടെ ഓരോരുത്തരും കഴിയുന്നത്; അതിര്‍ത്തിയില്‍ നിന്നും മലയാളി യുവാവ് പറയുന്നു

കാശ്മീര്‍: അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സംഘര്‍ഷം തിരിച്ചടികളിലേക്ക് കടന്നതോടെ കാശ്മീരിലെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ് ഓരോ നിമിഷവും. ഈ അവസരത്തില്‍ കാശ്മീരിലെ ഭീകരാവസ്ഥ വിവരിച്ചുകൊണ്ട് മലയാളിയായ പ്രണവ് ആദിത്യയുടെ ഫേസ്ബുക്ക് കുറിപ്പും വീഡിയോയും വൈറലായിരിക്കുകയാണ്.

യുദ്ധം മുന്നില്‍ കണ്ട് ഭയന്നു നില്‍ക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനുമെന്ന തലക്കെട്ടോടെയാണ് പ്രണവ് ആദിത്യയുടെ പോസ്റ്റ്. ഇന്ത്യന്‍ ബോര്‍ഡറിന് സമീപത്തെ മെന്റര്‍ എന്ന സ്ഥലത്താണ് പ്രണവ് താമസിക്കുന്നത്. ഇവിടെ എല്ലാവരും വളരെ ഭീതിയിയോടെയാണ് കഴിയുന്നതെന്നാണ് പ്രണവ് പറയുന്നത്.

സോഷ്യല്‍ മീഡിയയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ കാണുന്നതല്ല യഥാര്‍ഥ അവസ്ഥ. ഇവിടെ നില്‍ക്കുമ്പോഴാണ് അതിന്റെ ഭീകരത മനസിലാകുന്നത്. ചാനലുകളില്‍ വരുന്ന വാര്‍ത്തകളിലെ സ്‌കോര്‍ ബോര്‍ഡ് നോക്കി കൈയ്യടിക്കുകയും ജയ് വിളിക്കുകയും ചെയ്യുന്നവര്‍ അവിടത്തെ ജനങ്ങളുടെ അവസ്ഥ കൂടി ഓര്‍ക്കണമെന്ന് പ്രണവ് പറയുന്നു.
കാശ്മീരിലേക്ക് പോകുന്ന ഓരോ പട്ടാളക്കാരനും അവരെ കാത്തിരിക്കുന്ന കുടുംബമുണ്ട്.

യുദ്ധം എന്നത് പത്രത്തില്‍ വായിക്കുമ്പോഴോ, ടിവിയില്‍ വാര്‍ത്ത കേള്‍ക്കുമ്പോഴോ മാത്രം അറിഞ്ഞിരുന്നവരോട്, ദയവു ചെയ്ത് ആര്‍പ്പുവിളിക്കരുത്. ഉള്ളില്‍ വെന്തുരുകിയാണ് ഇവിടെ ഓരോ ജനങ്ങളും പട്ടാളക്കാരും കഴിയുന്നത്.

ഇന്ന് സ്‌കൂള്‍ വിട്ടു ഓഫീസ് വര്‍ക്ക് കഴിഞ്ഞ് റൂമിലേക്കു മടങ്ങുമ്പോള്‍ പട്ടാളക്കാരുടെ വാഹനങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. അതില്‍ ഓരോരുത്തരുടെയും മുഖത്തെ നിസഹായതയും ഒപ്പം ചങ്കൂറ്റവും എനിക്ക് നേരില്‍ കാണാം.

ഇന്നലെ രാത്രിയിലും അതിര്‍ത്തിയില്‍ നിന്നും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു. പുതപ്പിനുള്ളില്‍ ചൂടു പറ്റി ഉറങ്ങാത കിടക്കുമ്പോള്‍ തൊട്ടപ്പുറത്ത് അതിര്‍ത്തിയിലേക്ക് പട്ടാള വണ്ടികള്‍ പോയി വന്നുകൊണ്ടിരുന്നു. ഷെല്ലിങ്ങ് നടക്കുമ്പോഴും ആളുകള്‍ അവരുടെ ജോലികളില്‍ നിസഹായതയോടെ മുഴുകുന്നു.

അതിര്‍ത്തിയില്‍ നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെന്നും ആദ്യമായാണ് കാശ്മീരില്‍ എത്തിയിട്ട് ഇത്തരം ഒരു അവസ്ഥയെ നേരിടുന്നതെന്നും പ്രവീണ്‍ പറയുന്നു. ഇവിടെയുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പ്രവീണ്‍ വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

Exit mobile version