‘മഹാഭാരതകാലത്ത് എഴുത്തുകാര്‍ ജ്ഞാനികളാല്‍ പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്, പിന്നെയാണോ കലികാലത്ത് അജ്ഞാനികളാല്‍’: വിടി ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദഗിരി

തൃശ്ശൂര്‍: പെരിയ ഇരട്ടക്കൊല വിഷയത്തിലെ എംഎല്‍എ വിടി ബല്‍റാമും എഴുത്തുകാരി കെആര്‍ മീരയും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്. അതിനിടെ മീരയ്‌ക്കെതിരായ രൂക്ഷമായ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്.

മഹാഭാരത കഥ പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മഹാഭാരതകാലത്ത് എഴുത്തുകാര്‍ ജ്ഞാനികളാല്‍ പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്, പിന്നെയാണോ കലികാലത്ത് അജ്ഞാനികളാല്‍ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇരട്ടക്കൊലയില്‍ കെആര്‍ മീരയുടെ പ്രതികരണം വന്നില്ലേ എന്ന മട്ടില്‍ പരിഹാസ പോസ്റ്റിട്ട് പോര് തുടങ്ങി വെച്ചത് വിടി ബല്‍റാം ആയിരുന്നു. കെആര്‍ മീര കൊലപാതകത്തിനെതിരെ പ്രതികരിച്ചത് പരിഗണിക്കാതെ ആയിരുന്നു ഈ പരിഹാസം.

ബല്‍റാമിന്റെ പരിഹാസത്തിന് മീര ചുട്ട മറുപടിയും നല്‍കി. തരത്തില്‍ പോയി ലൈക്കടിക്ക് എന്ന തരത്തിലായിരുന്നു മറുപടി. ഈ പോസ്റ്റിന് ബല്‍റാം നല്‍കിയ മറുപടി സഭ്യമല്ലാത്ത തരത്തില്‍ ആയിരുന്നു. ഫേസ്ബുക്കിലെ ബല്‍റാം ഫാന്‍സും മീരയ്ക്ക് എതിരെ തെറിവിളിയുമായി രംഗത്ത് ഇറങ്ങി.

”ബലരാമന് യുദ്ധത്തിൽ താൽപര്യമില്ലാത്തതുകൊണ്ടായിരുന്നു മഹാഭാരതയുദ്ധം തുടങ്ങിയപ്പോൾ ബലരാമൻ നൈമിശാരണ്യത്തിലേക്ക് തീർത്ഥാടനത്തിന് പോയത്.യുദ്ധഭൂമിയെ ഉപേക്ഷിച്ച ബലരാമന്റെ മനസ്സിൽ നിന്ന് യുദ്ധം ഒഴിഞ്ഞിരുന്നില്ല എന്നുമാത്രമല്ല അവിവേകവും വന്നുപെട്ടു.
ജ്ഞാനികളായ മഹർഷിമാരുൾപ്പെടുന്ന സദസ്സിൽ സൂതൻ കഥ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു,
സദസ്സിലേക്ക് കയറിവന്ന ബലരാമനെ കണ്ടിട്ട് സൂതൻ എഴുന്നേറ്റില്ല എന്ന കാരണത്താൽ ക്ഷിപ്രകോപിയായ ബലരാമൻ സൂതന്റെ തലയറുത്തു..
ജഞാനികളായ മുനിമാരുണ്ടായിരുന്നതുകൊണ്ട് ബലരാമൻ കാണിച്ച അവിവേകത്തെ മുനിമാർ ബലരാമന് പറഞ്ഞ് മനസ്സിലാക്കികൊടുത്തു.
ബലരാമന് പശ്ചാത്താപമുണ്ടായി പിന്നീട് ഭാരതത്തിലെ പുണ്യതീർത്ഥങ്ങളിൽ തീർത്ഥാടനം നടത്തി ശാപമോചിതനായ ഒരു കഥ മഹാഭാരതത്തിലുണ്ട്.
മഹാഭാരതകാലത്ത് എഴുത്തുകാർ ജ്ഞാനികളാൽ പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്,
പിന്നെയാണോ കലികാലത്ത് അജ്ഞാനികളാൽ……..”

Exit mobile version