സെറ്റിട്ട ബീവറേജിന് മുന്നില്‍ വന്‍ ക്യൂ; മടങ്ങിയത് കുപ്പികളുമായല്ല, മറിച്ച് സിനിമയില്‍ മുഖം കാണിച്ച്

ആലപ്പുഴ: ഒരൊറ്റ രാത്രി കൊണ്ട് പൊങ്ങിയ പുതിയ ബീവറേജിന് മുന്നില്‍ രാവിലെ മുതല്‍ വന്‍ ക്യൂ. അറിഞ്ഞവരോരുത്തരും ഓടി കൂടി, ഒടുവില്‍ മടങ്ങിയത് കൈയ്യില്‍ കുപ്പികളുമായല്ല, മറിച്ച് സിനിമയില്‍ മുഖം കാണിച്ചാണ്.

കലവൂര്‍ പാതിരപ്പള്ളിയിലെ ദേശീയപാതയോരത്താണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ട ബീവറേജ് ഷോപ്പിന് മുന്നിലായിരുന്നു വന്‍ കാത്തിരിപ്പ്.
എന്നാല്‍ അവിടേക്ക് സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാം എത്തിയതോടെയാണ് പണി പാളിയത്.

തുടര്‍ന്ന് സിനിമയില്‍ മുഖം കാണിച്ചാണ് പലരും മടങ്ങിയത്. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിനായാണ് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത്.

പൂട്ടിക്കിടന്ന പഴയ കടമുറി നല്ല ഒറിജിനല്‍ ബീവറേജ് ഔട്ട്ലെറ്റാക്കി മാറ്റുകയായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് പാതിരപ്പള്ളിയില്‍ ചിത്രീകരിച്ചത്.

Exit mobile version