സോളാര്‍ കേസ്: സാമ്പത്തിക തട്ടിപ്പ് തെളിയിക്കാനായില്ല, സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

തിരുവനന്തപുരം: സോളാര്‍ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ടിസി മാത്യുവിനെ കബളിപ്പിച്ച കേസില്‍ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു.

തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. ഇരുവര്‍ക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും വിശ്വാസ വഞ്ചന മാത്രമേ തെളിയിക്കാനായിട്ടുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. പക്ഷെ അതൊരു സിവില്‍ തര്‍ക്കം മാത്രമെന്നും കോടതി വിലയിരുത്തി.

അതേസമയം ഉമ്മന്‍ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ച് പലരുടെയും കയ്യില്‍നിന്ന് പണം തട്ടിയെന്ന ബിജു രാധാകൃഷ്ണനെതിരായ കേസില്‍ സിജെഎം കോടതി വിധി പറയും.

ടിസി മാത്യുവില്‍നിന്ന് ഒരു കോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്‍ബി നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത എസ് നായരുമാണ് സോളാര്‍ ഉപകരണ ഇടപാടിനായി ടിസി മാത്യുവിനെ സമീപിച്ചത്.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്നും പദ്ധതിയില്‍ മുതല്‍മുടക്കണമെന്നും മാത്യുവിനോട് ബിജുവും സരിതയും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്തവിതരണാവകാശവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി സരിതയും ബിജുവും ചേര്‍ന്ന് 1.05 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. 2013- ലായിരുന്നു തട്ടിപ്പ് നടന്നത്.

Exit mobile version