കോടതി ഉത്തരവ് കാറ്റില്‍ പറത്തി ഹാരിസണ്‍ മലയാളം; നൂറ്റമ്പതോളം മരങ്ങള്‍ മുറിച്ചു കടത്തി

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെന്‍മല വനമേഖലയോട് അടുത്ത് കിടക്കുന്ന ഹാരിസണ്‍ പ്ലാന്റേഷനില്‍ നിന്ന് രാത്രിയിലാണ് റബ്ബര്‍ മരങ്ങള്‍ മുറിച്ച് കടത്തിയത്

കൊല്ലം: ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി തെന്‍മലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ റബ്ബര്‍ മരങ്ങള്‍ രഹസ്യമായി മുറിച്ച് കടത്തി. ഹാരിസണ്‍ ഈസ്റ്റ്ഫീല്‍ഡ് ഡിവിഷനില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന 150 തോളം മരങ്ങളാണ് മുറിച്ച് കടത്തിയത്. ഇതിനെതിരെ നാട്ടുകാര്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെന്‍മല വനമേഖലയോട് അടുത്ത് കിടക്കുന്ന ഹാരിസണ്‍ പ്ലാന്റേഷനില്‍ നിന്ന് രാത്രിയിലാണ് റബ്ബര്‍ മരങ്ങള്‍ മുറിച്ച് കടത്തിയത്. ഇവിടുന്ന് മരങ്ങള്‍ മുറിക്കാന്‍ വിലക്കുണ്ടെങ്കിലും പ്ലാന്റേഷന്‍ അധികൃതര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിക്കാറുണ്ടെന്ന് നാട്ടുകാരും പറഞ്ഞു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി കൃഷി ചെയ്തു വരുന്ന തോട്ടങ്ങളിലെ റബര്‍ മരങ്ങള്‍ മുറിക്കുന്നതിനായുള്ള സീനിയറേജ് പണം പിടിക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഈ ഹര്‍ജി ശരിവെച്ച് കൊണ്ട് നാഗമല, ഈസ്റ്റ് ഫീല്‍ഡ്, റിയാ, അമ്പനാട് എസ്റ്റേറ്റുകള്‍ ഹാരിസണ്‍ മലയാളം എന്നിവിടങ്ങളില്‍ നിന്നും റബ്ബര്‍ മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തണമെന്ന് ഡിസംബര്‍ 28 ന് ജസ്റ്റിസ് അനു ശിവരാമന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിനെ മറികടന്നാണ് ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന മരങ്ങള്‍ മുറിച്ച് കടത്തിയത്.

Exit mobile version