കൊച്ചിയുടെ നിരത്ത് കീഴടക്കാനായി ഇനി മുതല്‍ ഇ-ഓട്ടോകളും; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് കെഎംആര്‍എല്‍

ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പതിനാറ് ഓട്ടോകളാണ് കെഎംആര്‍എല്‍ നിരത്തില്‍ ഇറക്കിയിരിക്കുന്നത്

കൊച്ചി: കൊച്ചിയുടെ നിരത്ത് കീഴടക്കാനായി ഇനി മുതല്‍ ഇ-ഓട്ടോറിക്ഷകളും. കൊച്ചി മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎംആര്‍എല്‍ ആണ് ഇലക്ട്രിക്ക് ഓട്ടോകള്‍ നിരത്തിലിറക്കിയിരിക്കുന്നത്.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വ്വീസുകളായാണ് സര്‍വ്വീസ് നടത്തുക. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പതിനാറ് ഓട്ടോകളാണ് കെഎംആര്‍എല്‍ നിരത്തില്‍ ഇറക്കിയിരിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ എണ്‍പത് കിലോമീറ്റര്‍ വരെ ഓടാന്‍ ഇ-ഓട്ടോകള്‍ക്ക് കഴിയും.

കൊച്ചിയിലെ ആറ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി രൂപീകരിച്ച എറണാകുളം ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ചുമതല. ഇലക്ട്രിക്ക് ഓട്ടോ ഓടിക്കുന്ന ഡ്രൈവര്‍മാരെല്ലാം സൊസൈറ്റി അംഗങ്ങളായിരിക്കും. നിലവില്‍ രണ്ട് വനിതാ ഡ്രൈവര്‍മാരും സൊസൈറ്റിയില്‍ ഉണ്ട്. കൂടുതല്‍ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി സൊസൈറ്റി വിപുലീകരിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.

മറ്റ് ഓട്ടോ ഡ്രൈവര്‍മാരുടെ യൂണിഫോമില്‍ നിന്ന് വ്യത്യസ്തമായി നീല നിറത്തിലുള്ള യൂണിഫോമാണ് ഇലക്ട്രിക്ക് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക്. ആലുവ, കളമശ്ശേരി, കലൂര്‍, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നീ സ്റ്റേഷനുകളിലാണ് കെഎംആര്‍എല്‍ ഇ-ഓട്ടോകള്‍ വിന്യസിച്ചിരിക്കുന്നത്.

Exit mobile version