നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അതേസമയം സ്ത്രീകളും ഇരകളാകുന്ന കേസുകള്‍ പരിഗണിക്കേണ്ട കോടതികളുടെ അപര്യാപ്തതയും സൗകര്യക്കുറവും സംസ്ഥാനത്ത് അതീവ ഗൗരവതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തില്‍ ആക്കണമെന്നും വനിതാ ജഡ്ജിയെ കൊണ്ട് കേസ് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി തന്നെയാണ് കോടതിയെ സമീപിച്ചത്. ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കോടതി വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇതേ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് രജിസ്ട്രാര്‍ കോടതിക്ക് ഇന്ന് കൈമാറും. നേരത്തെ തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാര്‍ ഇല്ലെന്ന് രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

അതേസമയം സ്ത്രീകളും ഇരകളാകുന്ന കേസുകള്‍ പരിഗണിക്കേണ്ട കോടതികളുടെ അപര്യാപ്തതയും സൗകര്യക്കുറവും സംസ്ഥാനത്ത് അതീവ ഗൗരവതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം പലപ്പോഴും നിര്‍ഭയമായി മൊഴി നല്‍കുവാന്‍ കഴിയുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ കഴിഞ്ഞ ആറുമാസത്തിനിടയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Exit mobile version