സ്റ്റാര്‍ട്ട്-അപ് സക്‌സസ് ആക്കണോ ? സഹായിക്കാന്‍ ഇവിടെയുണ്ട് രണ്ട് സഹോദരങ്ങള്‍

കൊച്ചി : ബൈജൂസ്, ഫ്രഷ് ടു ഹോം, ഐഡി ഫ്രഷ് ഫൂഡ് എന്നിങ്ങനെ പറയാനാണെങ്കില്‍ സക്‌സസ് ആയ സ്റ്റാര്‍ട്ട്-അപ്പുകളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുണ്ട് മലയാളികള്‍. എന്നാല്‍ ഇവയല്ലാതെ എത്ര ‘മല്ലൂ സ്റ്റാര്‍ട്ട് അപ്പു’കളുടെ പേര് നമുക്കറിയാം? കുറച്ച് കഷ്ടപ്പെടേണ്ടി വരും അല്ലേ, വേണ്ടത്ര ആശയങ്ങളില്ലാഞ്ഞിട്ടോ കഴിവില്ലാഞ്ഞിട്ടോ ഒന്നുമായിരിക്കില്ല ഇതിന്റെ കാരണം എന്നും നമുക്കറിയാം.

ഗംഭീര ഐഡിയകളുമായി തുടങ്ങി പിന്നീട് ഒന്നുമാവാതെ പോകുന്ന ഒരുപാട് സ്റ്റാര്‍ട്ട് അപ് കമ്പനികളുണ്ട് ഇന്ന് കേരളത്തില്‍. അല്ലെങ്കില്‍ എങ്ങനെയെങ്കിലുമൊക്കെ തട്ടിയും മുട്ടിയും നടന്നു പോകുന്ന കമ്പനികള്‍. ചിലപ്പോള്‍ സാമ്പത്തികമായുള്ള ബുദ്ധിമുട്ടോ അല്ലെങ്കില്‍ സ്വീകാര്യത ലഭിക്കാത്തതോ ഒക്കെയായി കാരണങ്ങള്‍ പലതാവും ഇങ്ങനെയുള്ള സ്റ്റാര്‍ട്ട് അപ്പുകളുടെ പരാജയത്തിന് പിന്നില്‍.

ഇത്തരത്തില്‍ സക്‌സസ് ആവാനുള്ള എല്ലാ സാധ്യതകളുമുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്ന കമ്പനികളെ സഹായിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ദുബായ് മലയാളികളായ രണ്ട് സഹോദരങ്ങള്‍- അസ്ഹന്‍ മുസ്തഫ ബക്കറും സഹന്‍ മുസ്തഫ ബക്കറും. ബക്കര്‍ വെഞ്ചേഴ്‌സ് എന്നാണ് ഇവരുടെ സംരംഭത്തിന്റെ പേര്. കേരളത്തിലെ ഏറെ സാധ്യതകളുള്ള സ്റ്റാര്‍ട്ട് അപ്പുകളെ കണ്ടെത്തി ഇവയ്ക്ക് വളരുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സീഡ് ഫണ്ടിംഗ് ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്നത് കൂടാതെ സ്ഥാപകര്‍ക്ക് കമ്പനിയുടെ പ്രധാന ആശയം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അന്തരീക്ഷവും ഒരുക്കുകയാണ് ബക്കര്‍ വെഞ്ചേഴ്‌സ് ചെയ്യുന്നത്.

തുടക്കക്കാര്‍ക്ക് 1,50,000 മുതല്‍ 3,00,000 ഡോളര്‍ വരെ സാമ്പത്തിക പിന്തുണ ലഭിക്കാനുള്ള സഹായങ്ങള്‍ ബക്കര്‍ വെഞ്ചേഴ്‌സ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ചെയ്ത് കൊടുക്കും. പിന്നീട് കമ്പനിയുടെ വികസനത്തിന് നിയമപരമായും സാങ്കേതികപരമായും മറ്റേതെങ്കിലും രീതിയിലുള്ള പിന്തുണയും ഇവര്‍ പ്രദാനം ചെയ്യും. കമ്പനിക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിക്കാനുള്ള സഹായങ്ങള്‍ ഒരുക്കുകയാണ് ബക്കര്‍ വെഞ്ചേഴ്‌സിന്റെ ലക്ഷ്യം.

“സ്റ്റാര്‍ട്ട് അപ്പുകള്‍ ഇവിടെ തുടക്കം കുറിക്കുകയും പിന്നീട് കമ്പനിയുടെ ഉയര്‍ച്ചയ്ക്കായി മറ്റെവിടെയെങ്കിലും സെറ്റില്‍ഡ് ആവുകയുമാണ് കേരളത്തില്‍ നിലവിലുള്ള ഒരു രീതി.കോവിഡ് വന്നതോട് കൂടി ലോകത്തെവിടെയിരുന്നും എന്തും നേടാം എന്ന ആത്മവിശ്വാസം ആളുകള്‍ക്കുണ്ടായി. ഒരു സ്‌ക്രീനിന് മുന്നിലിരുന്നും വിപണികള്‍ കീഴടക്കാം എന്ന തിരിച്ചറിവ്‌ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വളരാനുള്ള അന്തരീക്ഷമൊരുക്കുമെന്നാണ് വിശ്വസിക്കുന്നത്.” അസ്ഹന്‍ പറയുന്നു.

സഹനൊപ്പം കേരളത്തില്‍ നടത്തിയ ട്രിപ്പില്‍ ഒരു പാട് സാധ്യതകളുള്ള കുറച്ച് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ അസ്ഹന്‍ പരിചയപ്പെട്ടിരുന്നു. ഇവയില്‍ ഫിന്‍ടെക്, ആരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന കമ്പനികളുണ്ടായിരുന്നു. അത്യാവശ്യം വ്യത്യസ്തമായ, ക്ലിക്കാവാന്‍ സാധ്യതയുള്ള ഐഡിയയാണെങ്കില്‍ ഫണ്ടിന്റെ കാര്യത്തെപ്പറ്റി ടെന്‍ഷന്‍ അടിക്കേണ്ട എന്നാണ് അസ്ഹന്റെ അഭിപ്രായം.

“ലോകത്തെ മുഴുവന്‍ കാര്യവുമെടുത്ത് പറയുകയാണെങ്കില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഫണ്ട് കിട്ടാന്‍ അധികം ബുദ്ധിമുട്ടില്ല. അത്യാവശ്യം ഡീസന്റായ ആശയങ്ങള്‍ക്ക് വളരെ വേഗത്തില്‍ തന്നെ സ്‌പോണ്‍സര്‍മാരെ കണ്ടെത്താം. ഞങ്ങളെപ്പോലുള്ള ഇന്‍വെസ്റ്റര്‍മാര്‍ക്കാണ് പണി. നിങ്ങളുടെ കമ്പനിയില്‍ നിക്ഷേപം നടത്താനനുവദിക്കൂ എന്നാണ് ഞങ്ങള്‍ക്ക് കമ്പനികളോട് പറയാനുള്ളത്.” അസ്ഹന്‍ പറയുന്നു.

തങ്ങളുടെ സംരംഭത്തില്‍ തികഞ്ഞ ആത്മവിശ്വാസമാണ് ഈ സഹോദരങ്ങള്‍ക്കുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച റിസള്‍ട്ട് ലഭിക്കുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. യുകെയിലെ വാര്‍വിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രിയും ന്യൂയോര്‍ക്ക് കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍എമ്മും പൂര്‍ത്തിയാക്കിയ ആളാണ് അസ്ഹന്‍.

സഹനും ഇതേ യൂണിവേഴ്‌സിറ്റികളില്‍ ഇതേ വിഷയങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിലവില്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്തഫ & അല്‍മാന എന്ന നിയമസ്ഥാപനത്തിന്റെ ഡയറക്ടറും(പ്രോജക്ട്‌സ്, ഡീല്‍സ്) സിഇഒയും ആണ് അസ്ഹന്‍. സഹന്‍ ഇതേ സ്ഥാപനത്തിന്റെ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഡയറക്ടര്‍ ആണ്. മലയാളികളായ മുസ്തഫ സഫീറും അല്‍മാനയുമാണ് ഇതിന്റെ സ്ഥാപകര്‍.

Exit mobile version