കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണതുടര്‍ച്ചയ്ക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ല; ഉമ്മന്‍ ചാണ്ടി

Oommen Chandy | Bignewslive

കോട്ടയം: സംസ്ഥാനം ഒന്നടങ്കം പിണറായി തരംഗത്തില്‍ മുങ്ങി നില്‍ക്കവെ, കഴിഞ്ഞ് അഞ്ച് വര്‍ഷം ഭരണതുടര്‍ച്ചയ്ക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് വന്‍ തോല്‍വി നേരിട്ട വേളയിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയത്തില്‍ പാര്‍ട്ടി നിരാശപ്പെടുന്നില്ല. പരാജയത്തിന്റെ കാരണങ്ങളെന്തെന്ന് വിലയിരുത്തുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണിതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്യുമ്പേള്‍ രാഷ്ട്രീയ രംഗത്ത് സുഗമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കും. കാരണം പരിശോധിക്കും. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകളും സാഹചര്യങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകും.

പുതുപ്പള്ളിയില്‍ തന്റെ ഭൂരിപക്ഷം 22 ആയിരത്തില്‍ നിന്ന് രണ്ടായിരത്തിലെത്തിയത് പരിശോധിക്കും. ഞാന്‍ 50 വര്‍ഷം മുമ്പ് തുടങ്ങുമ്പോഴുള്ള ഭൂരിപക്ഷമല്ല ഇപ്പോള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തിലെ പല സ്ഥലങ്ങളിലും ഇടതുപക്ഷം മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ഭൂരിപക്ഷം കൂടി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം നിങ്ങള്‍ ചൂണ്ടികാണിച്ചതാണ്. അത് പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

Exit mobile version