ഭയം വേണ്ട, തെറ്റിദ്ധാരണ പരത്തരുത്! കോവിഡ് വാക്‌സിന് ചെറിയ പാര്‍ശ്വഫലം: എല്ലാവരും രണ്ട് ഡോസ് നിര്‍ബന്ധമായും എടുക്കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന് ചെറിയ തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ക്ക് പനി പോലുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടുണ്ട്. മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ തന്നെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം, പാര്‍ശ്വഫലങ്ങളില്‍ ഭയക്കേണ്ടതില്ല. ആദ്യ ഡോസ് എടുത്ത് കഴിയുമ്പോള്‍ തന്നെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അറിയാനാകും. നിലവില്‍ വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളിലൊന്നും ഗുരുതര പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ശൈലജ ടീച്ചര്‍.

നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന് എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന് എടുത്തിരിക്കേണ്ടത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്‌സിന് എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്.

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.വആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം മുന്‍ഗണന രീതിയില്‍ മറ്റുള്ളവര്‍ക്ക് നല്‍കും. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ തയ്യാറെടുപ്പുകളും എടുത്ത ആരോഗ്യപ്രവര്‍ത്തകരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് പ്രതികരണം.

സംസ്ഥാനത്തിന് വിജയകരമായി കോവിഡിനെ നിയന്ത്രിക്കാനായി എന്നാണ് കോവിഡ് വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോക്ടര്‍ ബി ഇക്ബാല്‍ പറഞ്ഞ്. കേരളത്തില്‍ മരണ നിരക്ക് കുറഞ്ഞു. രോഗികള്‍ വര്‍ദ്ധിച്ചാലും, അത് നിയന്ത്രിക്കാനാകണം. എല്ലാ രോഗികള്‍ക്കും ചികിത്സ നല്‍കാന്‍ കഴിയണം. അതിന് കഴിഞ്ഞു. എല്ലാവര്‍ക്കും സൗജന്യ ചികിത്സയും, ഭക്ഷണവും, ടെസ്റ്റിംഗിനും കഴിഞ്ഞു. അതും കേരളത്തിന്റെ പ്രത്യേകതയാണെന്നും ഡോക്ടര്‍ ബി ഇക്ബാല്‍ പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ സംബന്ധിച്ച് സംശയങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോക്ടര്‍ രാജീവ് സദാനന്ദന്‍, ഡബ്ല്യു ട. എച്ച്. ഒ പ്രതിനിധി റോഡറിഗോ എച്ച് ഓഫ്രിന്‍, തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോക്ടര്‍ ഇന്ദു പിഎസ് തുടങ്ങിയവരും പങ്കെടുത്തു.

Exit mobile version