കേരളത്തിലെ ജനങ്ങള്‍ പട്ടിണിയിലും പ്രയാസത്തിലും: യുഡിഎഫിന്റെ കേരള യാത്ര ഫെബ്രുവരിന് ഒന്ന് മുതല്‍, നയിക്കുന്നത് രമേഷ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫിന്റെ കേരള യാത്ര ഫെബ്രുവരിന് ഒന്നിന് തുടക്കമാവും. കാസര്‍കോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും.

വിഡി സതീശനാണ് കേരള യാത്രയുടെ കണ്‍വീനര്‍. യാത്രസംബന്ധിച്ച് യുഡിഎഫ് നേതാക്കള്‍ സമുദായ നേതാക്കളുമായി ആശയ വിനിമയം നടത്തി. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് നേതൃത്വത്തില്‍ കൂട്ട ധര്‍ണ്ണ നടത്താനും തീരുമാനമായി. 23ന് സംസ്ഥാന തലത്തില്‍ കൂട്ട ധര്‍ണ്ണ നടത്തും.

സംസ്ഥാന സര്‍ക്കാരിനെതിരായ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡാനന്തരം കേരളത്തിലെ ജനങ്ങള്‍ പട്ടിണിയും പ്രയാസവും നേരിടുകയാണ്. ആരുടെ കയ്യിലും പണമില്ലാത്ത അവസ്ഥയാണ്. കോവിഡ് രോഗികളെ പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ സൗകര്യമൊരുക്കി നല്‍കുന്നില്ല. വന്‍ തോതില്‍ പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. രണ്ട് പാലങ്ങള്‍ നിര്‍മ്മിച്ച് സര്‍ക്കാര്‍ മേനി നടിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഞ്ചു ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ രംഗത്തും പരാജയപ്പെട്ട ഒരു സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കേരള യാത്രയെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version