യൂസ്ഡ് കാര്‍ ഷോറൂമിലെ ലംബോര്‍ഗിനി ഹൃദയം കവര്‍ന്നു; സ്വന്തമായി ലംബോര്‍ഗിനി നിര്‍മ്മിച്ചു; അനസിനെ തേടി അഭിനന്ദനപ്രവാഹം

ഇടുക്കി: യൂസ്ഡ് കാര്‍ ഷോറൂമില്‍ കണ്ട ലംബോര്‍ഗിനി ഹൃദയം കവര്‍ന്നപ്പോള്‍ പിന്നെ അനസിന് മുന്നില്‍ ഒന്നും തടസ്സമായില്ല. പിന്നീട് ആ മോഹം സഫലമാക്കുകയായിരുന്നു ലക്ഷ്യം, അതും സ്വന്തമായി ലംബോര്‍ഗിനി നിര്‍മ്മിച്ച്. അങ്ങനെ ഇടുക്കി സ്വദേശിയായ അനസിന്റെ സ്വപ്‌നം സഫലമായപ്പോള്‍ സാധാരണക്കാരന്റെ ‘ലംബോര്‍ഗിനി’യെ തേടി സാക്ഷാല്‍ ലംബോര്‍ഗിനിയില്‍ നിന്നും അഭിനന്ദങ്ങളെത്തിയിരിക്കുകയാണ്.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ ബംഗളൂരുവിലെ ഓഫിസില്‍ നിന്നും ബന്ധപ്പെടുകയും ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്‌തെന്ന് അനസ് പറയുന്നു.
വീഡിയോ കണ്ടശേഷം ഒരുപാട് ഫോണ്‍കോളുകള്‍ വരുന്നുണ്ട്. വാഹന നിര്‍മാതാക്കളും വിളിക്കുന്നുണ്ട്. എല്ലാവരും അഭിനന്ദിച്ചെന്നും അനസ് സന്തോഷം പങ്കുവയ്ക്കുന്നു.

സത്യം പറഞ്ഞാല്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയാണ് എന്റെ പ്രചോദനം. അദ്ദേഹത്തിന്റെ വാഹനം കണ്ടാണ് ഇത് നിര്‍മിച്ചത്. എന്റെ ലംബോര്‍ഗിനി പൃഥ്വിരാജ് കണ്ടിരുന്നെങ്കില്‍ എന്നൊരാഗ്രഹമുണ്ടെന്നും അനസ് പറയുന്നു.

ആലുവയിലെ ഒരു യൂസ്ഡ് കാര്‍ ഷോറൂമില്‍ ആഡംബരക്കാര്‍ ലംബോര്‍ഗിനി കണ്ടതുമുതലാണ് അനസിന് ലംബോര്‍ഗിനി മോഹനമുണ്ടായത്. പിന്നെ 18 മാസമെടുത്ത് സ്വന്തമായി പണിത് ലംബോര്‍ഗിനിയുണ്ടാക്കുകയായിരുന്നു.

സാധാരണക്കാരന്റെ ‘ലംബോര്‍ഗിനി’യും അനസുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. പന്തല്‍ പണിക്കും കേറ്ററിങിനും പോയി കിട്ടിയ തുക കൊണ്ടും,
ഉപയോഗശൂന്യമായ വസ്തുക്കള്‍ പ്രയോജനപ്പെടുത്തിയുമാണ് അനസ് നിര്‍മ്മിച്ചത് ലംബോര്‍ഗിനി കാറാണ്.

110 സിസി ബൈക്കിന്റെ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഉപയോഗ ശൂന്യമായ ബൈക്കിന്റെ എന്‍ജിന്‍ സംഘടിപ്പിച്ച ശേഷം ഇരുമ്പ് കൊണ്ട് ചട്ടക്കൂട് നിര്‍മിച്ചു. പഴയ ഫ്‌ലെക്‌സും പ്ലാസ്റ്റിക് വസ്തുക്കളും വരെ നിര്‍മാണത്തില്‍ ഉപയോഗിച്ചു.ഡിസ്‌ക് ബ്രേക്ക്, പവര്‍ വിന്‍ഡോ, സണ്‍ റൂഫ്, മുന്നിലും പിന്നിലും ക്യാമറകള്‍ തുടങ്ങി ഒരു ആഡംബര വാഹനത്തിലെ സൗകര്യങ്ങളെല്ലാം അനസിന്റെ ‘ലംബോര്‍ഗിനിയിലുണ്ട്’.

എംബിഎ ബിരുദധാരിയായ അനസ് കേറ്ററിങ് ജോലിക്കു പോയും പന്തല്‍ അലങ്കാര ജോലിക്കു പോയും കണ്ടെത്തിയ 2 ലക്ഷത്തിലധികം രൂപ ചെവിട്ടാണ് കാറിന്റെ നിര്‍മാണം.

അര ലക്ഷം കൂടി മുടക്കി ഇലക്ട്രിക് വാഹനമാക്കണമെന്നാണ് ആഗ്രഹം. 3 വര്‍ഷം മുന്‍പാണ് അനസിന്റെ പിതാവ് ബേബി മരിച്ചത്. അമ്മ മേഴ്‌സിയും അനുജന്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അജസുമാണ് അനസിനൊപ്പം വീട്ടിലുള്ളത്. ഒറ്റ നോട്ടത്തില്‍ ഒറിജിനല്‍ ലംബോര്‍ഗിനി തന്നെയെന്ന് ആരും പറയുന്ന കാര്‍ ഇപ്പോള്‍ അനസിന്റെ വീട്ടുമുറ്റത്ത് കൗതുകക്കാഴ്ചയാണ്. സാധാരണക്കാരന്റെ ‘ലംബോര്‍ഗിനി’കാണാന്‍ എത്തുന്നവരും ഏറെയാണ്.

Exit mobile version