മക്കളേ…ഇതു കണ്ടോ, ഫുട്ബോളിന്റെ രാജാവ്: മെസ്സി അയല്‍ക്കാരനായി വന്ന സന്തോഷം പങ്കുവച്ച് തൃശ്ശൂര്‍ സ്വദേശി

ഫുട്ബോള്‍ ദൈവം മെസ്സി കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയുണ്ടാകും, അതാണ് തൃശ്ശൂര്‍ സ്വദേശിയായ അനസ് പങ്കുവയ്ക്കുന്നത്. മെസ്സിയെ തന്റെ അയല്‍ക്കാരനായി കിട്ടിയ സ്വപ്‌ന നിമിഷമാണ് അനസ് പങ്കുവച്ചത്.

തളിക്കുളം പോക്കാക്കില്ലത്ത് അബ്ദുല്‍ ഗഫൂറിന്റെ മകന്‍ അനസ് പാരീസിലെ ഹോട്ടല്‍ മുറിയില്‍ അനസിന്റെ തൊട്ടടുത്ത മുറിയിലാണു സാക്ഷാല്‍ ലയണല്‍ മെസ്സിയെ കണ്ടുമുട്ടിയത്.

തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം രണ്ടാഴ്ചത്തെ യൂറോപ്യന്‍ സഞ്ചാരത്തിന്റെ ഭാഗമായാണ് അനസ് പാരീസിലെത്തുന്നത്. പാരീസിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലായ ലെ റോയല്‍ മോസുവിലാണ് അനസ് മുറിയെടുത്തിരുന്നത്.

ബാഴ്സലോണ ക്ലബ്ബ് വിട്ട മെസ്സി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായുള്ള കോണ്‍ട്രാക്ട് ഒപ്പ് വെക്കാന്‍ അതേ ഹോട്ടലില്‍ എത്തുമെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ അനസ്സിനോട് പറഞ്ഞിരുന്നു.

വൈകീട്ട് മുതല്‍ തന്നെ ഹോട്ടലിന്റെ മുന്‍വശം ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. മിശിഹായെ ഒരു നോക്ക് കാണാന്‍ പോയിരുന്നെന്ന് അനസ് പറയുന്നു. 3 മണിക്കൂറോളം താഴെ കാത്തു നിന്ന അനസ് നിരാശനായി തിരികെ മുറിയിലേക്ക് മടങ്ങി കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഹോട്ടലിന്റെ പുറത്ത് വലിയ ആരവം.

മെസ്സി എവിടെയെങ്കിലും പോവുകയായിരിക്കുമെന്നും, ഒരു നോക്ക് കാണാന്‍ കഴിഞ്ഞെങ്കിലെന്ന് വിചാരിച്ച് ബാല്‍ക്കണിയിലേക്ക് ചെന്ന അനസ് കണ്ടത്,
അനസ് താഴോട്ട് നോക്കിയപ്പോള്‍ എല്ലാവരും തന്നെ നോക്കുന്നു.. ഇതെന്താപ്പോ എല്ലാവരും ഇങ്ങോട്ട് നോക്കുന്നതെന്നാലോചിച്ച് തിരിഞ്ഞപ്പോള്‍ അനസ് ശരിക്കും ഞെട്ടി, തൊട്ടപ്പുറത്ത് നില്‍ക്കുന്നത് ഫുട്ബോള്‍ ദൈവം മെസ്സി,

മെസ്സി..മെസ്സി എന്നുറക്കെ വിളിക്കാന്‍ തുടങ്ങി മെസ്സിയുടെ കടുത്ത ആരാധകനായ അനസ്. അനസിന്റെ വിളി ശ്രദ്ധയില്‍ പെട്ടത് മെസ്സിയുടെ മകനായ തിയാഗോയാണ്. കുഞ്ഞു തിയാഗോ അച്ഛനെ വിളിച്ച് അനസ്സിനെ കാണിച്ചു കൊടുത്തു. കാല്‍പന്തുകളിയുടെ മിശിഹാ അനസ്സിനെ നോക്കി ചിരിച്ചു കൊണ്ട് കൈയുയര്‍ത്തി കാണിച്ചു.

മക്കളേ…ഇതു കണ്ടോ, ഫുട്ബോളിന്റെ രാജാവ്, അത്ഭുതവും സന്തോഷവും അടക്കാനാവാതെ അനസും സമീറും വിളിച്ചു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് അനസ് പറയുന്നത്. പിന്നാലെ ഹോട്ടല്‍ ലോബിയില്‍ നിന്ന് ഒരു സെല്‍ഫിയും പകര്‍ത്താനായതിന്റെ സന്തോഷത്തിലാണ് അനസിപ്പോള്‍.

ഖത്തറില്‍ ഷെയ്ഖ് തമീമിന്റെ സഹോദരന്റെ സഹായിയായി ജോലി ചെയ്യുന്ന അനസ് 10 വര്‍ഷമായി ഖത്തറിലാണ്. അദ്ദേഹത്തിനൊപ്പം രണ്ടാഴ്ചത്തെ യൂറോപ്യന്‍ സഞ്ചാരത്തിലാണ് അനസ്സും. ഈ യാത്രയ്ക്കിടയിലാണു പാരീസിലെ റോയല്‍ മെന്‍ക്യു ഹോട്ടലില്‍ മുറിയെടുത്തത്.

Exit mobile version