കരുണയ്ക്ക് കാത്തുനിന്നില്ല, ആ കുഞ്ഞ് മടങ്ങി! കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിക്കാനായില്ല

തിരുവനന്തപുരം: ആരുടെയും കരുണയ്ക്ക് കാത്തുനില്‍ക്കാതെ അവന്‍ മടങ്ങി. കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അണുബാധയാണ് മരണകാരണം.

ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍ നിന്നാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഇന്നു രാവിലെ കണ്ടെത്തിയത്.

പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് മൂന്നു കിലോ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു. നാളെയാകും കുഞ്ഞിന്റെ സംസ്‌കാരം.

Exit mobile version