മഞ്ജുവാര്യരും സംഘവും സുരക്ഷിതര്‍: ഇന്ന് മണാലിയിലേക്ക് മടങ്ങില്ല, ഛത്രുവില്‍ തന്നെ തുടരും; സഹായങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും വി മുരളീധരന്‍

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരും സംഘവും സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കുടുങ്ങിക്കിടന്ന സ്ഥലത്ത് നിന്ന് ഇരുപത്തിരണ്ട് കിലോമീറ്റര്‍ അകലെയുള്ള ബേസ് ക്യാംപിലേക്ക് സംഘം യാത്ര തിരിച്ചു. ജില്ലാ ഭരണകൂടവുമായും സംസ്ഥാന സര്‍ക്കാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

ഷൂട്ടിംഗ് തുടരേണ്ടതിനാല്‍ മഞ്ജുവും സംഘവും ഇന്ന് മണാലിയിലേക്ക് മടങ്ങില്ല. നാളെ രാവിലെ മടങ്ങാമെന്ന് ഭരണകൂടത്തെ അറിയിച്ചെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ ഛത്രു സിനിമ ലൊക്കേഷനിലുള്ള സിനിമാ സംഘത്തിന് ആഹാരം ഉള്‍പ്പെടെ എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

നേരത്തേ രാത്രി എട്ടുമണിയോടെ ഇവരെ ബേസ് ക്യാമ്പായ കോക്‌സാറില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സംഘത്തോട് ഷൂട്ടിംഗ് തുടരണം എന്ന് സിനിമാ സംഘം അറിക്കുകയായിരുന്നു. കനത്തമഴയെ തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ മഞ്ജുവും സംഘവും കുടങ്ങിയത്. റോഡ് ഒലിച്ച് പോയതോടെ പുറത്ത് കടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

നിലവില്‍ കോക്‌സാറിലേക്ക് എത്താനുള്ള വഴി സജ്ജമായെന്ന് മുരളിധരന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യരാണ് സിനിമാ സംഘം ഛത്രുവില്‍ കുടങ്ങിക്കിടക്കുന്നത് അറിയിച്ചത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണ് മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട സംഘം ഛത്രുവിലെത്തിയത്.

Exit mobile version