തലയിലെ താരനും ചൊറിച്ചിലും മാറാന്‍ ഇഞ്ചി മതി!

തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസിനെ തടയാന്‍ ചില കൃത്യമായ പ്രതിവിധികളും മുന്‍കരുതലുകളുമുണ്ടെന്ന കാര്യം നാം പലപ്പോഴും ഓര്‍ക്കാറില്ലെന്ന് സാരം.

എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണ് മുടിയിലെ താരന്‍. പ്രായഭേദമന്യേ എല്ലാവരിലും കാണുന്ന ഒന്നാണിത്. ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസം താരനില്ല. മിക്കവര്‍ക്കും താരന്‍ ഒരു പ്രശ്നമാണെങ്കിലും തലയിലെ ചൊറിച്ചില്‍ അസഹ്യമായി പൊടി പോലെ വീഴാന്‍ തുടങ്ങുമ്പോഴാണ് പ്രതിവിധി തേടി നെട്ടോട്ടമോടുക. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസിനെ തടയാന്‍ ചില കൃത്യമായ പ്രതിവിധികളും മുന്‍കരുതലുകളുമുണ്ടെന്ന കാര്യം നാം പലപ്പോഴും ഓര്‍ക്കാറില്ലെന്ന് സാരം.

എന്നാല്‍ വീട്ടില്‍ സദാസമയവും നമ്മള്‍ അടുക്കളയില്‍ സൂക്ഷിക്കുന്ന ഇഞ്ചി ഒരു കഷ്ണം മതിയാകും ഈ പ്രശ്നത്തെ തുരത്താന്‍. ബാക്ടീരിയ പോലുള്ള സൂക്ഷമങ്ങളായ അണുക്കള്‍ക്കെതിരെ പോരാടാന്‍ ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ട്. അതിനാല്‍ തന്നെയാണ് ഒന്നിലധികം അസുഖങ്ങള്‍ക്ക് പ്രതിവിധിയായി നമ്മള്‍ ഇഞ്ചിയെ ആശ്രയിക്കുന്നത്.

തലയിലെ താരന്റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. തലയോട്ടിയിലെ തൊലിയെ ബാധിക്കുന്ന അണുക്കളെ തുരത്താന്‍ ഒരു വലിയ പരിധി വരെ ഇഞ്ചിക്ക് കഴിയുന്നു. ഇതുമൂലം താരന്‍ നശിക്കുകയും ചൊറിച്ചിലില്ലാതാവുകയും ചെയ്യുന്നു.

ഉപയോഗിക്കുന്ന വിധം

ഒട്ടും വാടാത്ത ഒരു കഷ്ണം ഇഞ്ചിയെടുക്കുക. ഇത് തൊലി ചുരണ്ടിയ ശേഷം ചെറുതായി അരിയുക. അല്ലെങ്കില്‍ ഒരു ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് ഗ്രൈന്‍ഡ് ചെയ്താലും മതിയാകും. ശേഷം അല്‍പം വെള്ളത്തില്‍ ഈ ഇഞ്ചി ചേര്‍ത്ത് ചൂടാക്കുക.

ചെറിയ തീയില്‍ പതിയെ വേണം ഇത് ചൂടാക്കാന്‍. അല്‍പം കഴിയുമ്പോള്‍ ഇഞ്ചിയിട്ട വെള്ളത്തിന്റെ നിറം മാറിത്തുടങ്ങും. ഇഞ്ചിയില്‍ നിന്നുള്ള നീര് വെള്ളത്തിലേക്ക് ഇറങ്ങുന്നതിനാലാണ് ഇത്. തുടര്‍ന്ന് തീ അണച്ച് ഇത് ആറാന്‍ വയ്ക്കാം.

അരിഞ്ഞിട്ട ഇഞ്ചി കൈ കൊണ്ടോ തുണിയുപയോഗിച്ചോ അമര്‍ത്തി പരമാവധി നീര് വെള്ളത്തിലേക്ക് കലര്‍ത്താം. വെള്ളം തണുത്ത ശേഷം ഇത് നേരെ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ഏതെങ്കിലും ‘ആന്റി ഡാന്‍ഡ്രഫ് ഷാമ്പൂ’ ഉപയോഗിച്ച് തല വൃത്തിയായി കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇത് ചെയ്യാവുന്നതാണ്.

Exit mobile version