താരന്‍ എന്ന വില്ലനെ അകറ്റണോ? ഇതാ വഴികള്‍

പ്രായഭേദമന്യേ, ലിംഗഭേദമന്യേ എല്ലാവര്‍ക്കും വരുന്നൊരു ബുദ്ധിമുട്ടാണ് താരന്‍.
ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സേബം താരന്റെ മൂലകാരണമാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചര്‍മം അടര്‍ന്നു പോകുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍.

താരനെ കളയാനായി കടയില്‍ നിന്ന് മുടിക്ക് ഹാനികരമായ ഷാംപുവും മറ്റും ഉപയോഗിക്കുന്നു. എന്നിട്ടോ താരന്‍ പോയോ? തല്‍ക്കാലത്തേക്ക് ഒരു ശമനം കിട്ടുമെങ്കിലും വീണ്ടും വരും. എന്നാല്‍ താരനെ വീട്ടിലിരുന്നുകൊണ്ട് മുടിക്ക് ഹാനികരമല്ലാത്ത രീതിയില്‍ തുരത്താന്‍ സാധിക്കും. അതിനായി ഇതാ ചില പൊടിക്കൈകള്‍

. കീഴാര്‍നെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിനുമുന്‍പ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്യുകയാണെങ്കില്‍ താരന്‍ പൂര്‍ണമായും ഇല്ലാതാകുമെന്നു മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും.

. ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി ഇവ സമാസമം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയോട്ടിയില്‍ തേയ്ക്കുക. പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക എന്നതും താരന്‍ കളയാന്‍ നല്ലൊരു വഴിയാണ്.

. കടുക് അരച്ച് വെളിച്ചെണ്ണ ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചുകുളിക്കുന്നതു നല്ലതാണ്.
. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം തല ചെമ്പരത്തിത്താളി തേച്ച് കഴുകുന്നതു താരനെ പ്രതിരോധിക്കും. തലയില്‍ സ്ഥിരമായി എണ്ണ തേയ്ക്കുന്നവര്‍ ഫംഗസ് ബാധയുള്ള എണ്ണ ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. തലയും തലമുടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

. ശുദ്ധമായ ചെറുപയര്‍പൊടി തൈരില്‍ കലക്കി തലയില്‍ തേച്ചു കുളിക്കുന്നത് ഫലം ചെയ്യും.

. പാളയംകോടന്‍ പഴം താരനു നല്ലതാണ്. ഇത് ഉടച്ച് കുഴമ്പാക്കി തലയില്‍ പുരട്ടിയശേഷം പത്തു മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക.

Exit mobile version