കൊഴുപ്പുള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ മാത്രമല്ല ഫലം; കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍

'ഹെപ്പറ്റോളജി' എന്ന മെഡിക്കല്‍ പ്രസിദ്ധീകരണത്തിലാണ് ഗവേഷണം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം കരളിലെ വെളുത്ത രക്താണുക്കളെ എളുപ്പത്തില്‍ ബാധിക്കുന്നതോടെയാണ് കരള്‍ രോഗങ്ങള്‍ക്ക് തുടക്കമാകുന്നതെന്നും ഇവര്‍ കണ്ടെത്തി

കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകസംഘത്തിന്റെ കണ്ടെത്തലില്‍ കൊഴുപ്പുള്ള ഭക്ഷണം അമിതമായി കഴിച്ചാല്‍ ‘കൊളസ്ട്രോള്‍’ മാത്രമല്ല പിടിപെടുന്നതെന്ന കണ്ടെത്തി. കൊഴുപ്പ് അമിതമായി എത്തുന്നതോടെ ആദ്യം ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ തകരാറിലാകുമെന്നും ഇത് പിന്നീട് ‘ഫാറ്റി ലിവര്‍’ രോഗത്തിന് കാരണമാകുമെന്നും, ഈ ‘ഫാറ്റി ലിവര്‍’ ക്രമേണ ലിവര്‍ സിറോസിസ്, അല്ലെങ്കില്‍ ‘ലിവര്‍ ക്യാന്‍സര്‍’ ആയി മാറും എന്നുമാണ് ഇവരുടെ കണ്ടെത്തല്‍.

ഈ സാധ്യതകളെല്ലാം ശാരീരിക സവിശേഷതകള്‍ അനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കുമെന്ന് പറയുന്നു. അമിതവണ്ണമുള്ളവരിലും ടൈപ്പ് 2 പ്രമേഹം ഉള്ളവരിലും മേല്‍ പറഞ്ഞ രോഗങ്ങളിലേക്ക് എത്താനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാല്‍ വണ്ണമുള്ളവരാണെങ്കില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു കരുതല്‍ എടുത്തേ മതിയാകൂവെന്നും ഇവര്‍ നിര്‍ദേശിക്കുന്നുണ്ട്.

‘കൊളസ്ട്രോള്‍’ മൂലമുണ്ടാകുന്നത് ‘നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍’ ആണ്. സാധാരണഗതിയില്‍ അമിതമദ്യപാനം മൂലമാണ് ‘ഫാറ്റി ലിവര്‍’ ഉണ്ടാകുന്നത്. ഇതിനുള്ള ചികിത്സയും ലഭ്യമാണ്. എന്നാല്‍ ‘നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍’ പിടിപെടുന്നത് എന്തുകൊണ്ടെല്ലാം എന്ന് ഇതുവരെ കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ തന്നെ ഇതിനുള്ള ചികിത്സ പരിമിതമായാണ് തുടരുന്നതെന്നും ഗവേഷകര്‍ പറയുന്നു.

‘ഹെപ്പറ്റോളജി’ എന്ന മെഡിക്കല്‍ പ്രസിദ്ധീകരണത്തിലാണ് ഗവേഷണം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം കരളിലെ വെളുത്ത രക്താണുക്കളെ എളുപ്പത്തില്‍ ബാധിക്കുന്നതോടെയാണ് കരള്‍ രോഗങ്ങള്‍ക്ക് തുടക്കമാകുന്നതെന്നും ഇവര്‍ കണ്ടെത്തി.

Exit mobile version