കോവാക്‌സിന്‍ അംഗീകാരം : കൂടുതല്‍ വ്യക്തത വേണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ : ഇന്ത്യയുടെ കോവാക്‌സിന് അംഗീകാരത്തിനായി കൂടുതല്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന. വാക്‌സിന്‍ അംഗീകാരവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടന്ന യോഗത്തിന് ശേഷമാണ് ഡബ്ല്യൂ.എച്ച്.ഒ ഇക്കാര്യം അറിയിച്ചത്.

വാക്‌സീന്‍ എത്രത്തോളം പ്രതിരോധശേഷി കൈവരിക്കുന്നു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. നവംബര്‍ 3ന് സംഘടന വീണ്ടും യോഗം ചേരും.കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി നേരത്തെ തന്നെ ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയുടെ അനുമതി തേടിയിരുന്നു.

കഴിഞ്ഞ മാസം അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ എങ്കിലും കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടതിനാല്‍ തീരുമാനം വൈകി.കോവാക്‌സിന്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. കോവാക്‌സിന് ഇന്ത്യയില്‍ ഉപയോഗാനുമതി ഉണ്ടെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അംഗീകാരമില്ല.

കോവാക്‌സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സാങ്കേതിക ഉപദേശക സമിതി ഒക്ടോബര്‍ 26ന് യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. യോഗത്തിന് ശേഷമാണ് അംഗീകാരത്തിന് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടത്.

Exit mobile version