കോവിഡ് മരണങ്ങളില്‍ ക്രമക്കേടെന്ന് പരാതി : തമിഴ്‌നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

Madras High Court | Bignewslive

ചെന്നൈ : തമിഴ്‌നാട് സര്‍ക്കാരിനോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളില്‍ നിരവധി കോവിഡ് രോഗികളുടെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് പരാതിപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി റിപ്പോര്‍ട്ട് തേടിയത്.

കോവിഡിന് പകരം രോഗികളുടെ മരണകാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങളാണെന്നാണ് രേഖപ്പെടുത്തുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കോവിഡ് രോഗികള്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെങ്കില്‍ പോലും കോവിഡ് മരണമായി കണക്കാക്കണം എന്ന് കോടതി സര്‍ക്കാരിനോട് അറിയിച്ചു. ജൂണ്‍ 28നകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

തമിഴ്‌നാട്ടിലെ കോവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നാരോപിച്ച് നിരവധി റിപ്പോര്‍ട്ടുകളുണ്ടെന്ന് കോടതി പറഞ്ഞു. കോവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയാല്‍ മാത്രമേ മരണപ്പെട്ട രോഗിയുടെ കുടുംബത്തിന് സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.മഹാമാരിയെക്കുറിച്ച് ഭാവിയില്‍ നടന്നേക്കാവുന്ന പഠനങ്ങള്‍ക്ക് കൃത്യമായ കണക്കുകള്‍ ആവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Exit mobile version