കോവിഡ് മൂന്നാം തരംഗം നേരിടാനൊരുങ്ങി മഹാരാഷ്ട്ര : മേയില്‍ ഒരു ജില്ലയില്‍ മാത്രം 8000 കുട്ടികള്‍ക്ക് കോവിഡ്

covid19 | Bignewslive

മുംബൈ : മേയില്‍ ഒരു ജില്ലയില്‍ മാത്രം 8000 കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതോടെ മൂന്നാം തരംഗം നേരിടാന്‍ വന്‍ തയ്യാറെടുപ്പുകളുമായി മഹാരാഷ്ട്ര. കോവിഡ് മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.

അഹമ്മദ് നഗര്‍ ജില്ലയിലെ 8000 കുട്ടികള്‍ക്കാണ് രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ചത്.സാംഗ്‌ളി നഗരത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക കോവിഡ് വാര്‍ഡ് ആരംഭിച്ചു കഴിഞ്ഞു. അഞ്ച് കുട്ടികളാണ് നിലവില്‍ ഇവിടെ ചികിത്സയിലുള്ളത്.കൂടുതല്‍ കുട്ടികളെത്തിയാല്‍ നേരിടാനുള്ള സജ്ജീകരണങ്ങളെല്ലാം ആശുപത്രിയില്‍ ഒരുക്കുകയാണ് അധികൃതര്‍.ആശുപത്രിയിലാണെന്ന് കുട്ടികള്‍ക്ക് തോന്നാത്തവിധത്തിലുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

സ്‌കൂളിലോ നഴ്‌സറിയിലെ ആണെന്ന് തോന്നിപ്പിക്കത്തക്കവിധത്തിലാണ് കുട്ടികള്‍ക്കായി ആശുപത്രി ഒരുക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അംഗം അഭിജിത് ഭോസ്‌ലെ പറഞ്ഞു.പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളാണ് അഹമ്മദ് നഗറില്‍ കോവിഡ് ബാധിച്ചവരില്‍ ഏറെയും എന്ന് കണ്ടെത്തിയതോടെയാണ് മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കാമെന്ന ആശങ്ക അധികൃതര്‍ക്കുണ്ടാകുന്നത്.ഇതോടെ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരംഭിക്കുകയായിരുന്നു.

ശിശുരോഗ വിദഗ്ധരോട് മൂന്നാം തരംഗം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തിലുണ്ടായിരുന്ന പോലെ കിടക്കകളുടെയും ഓക്‌സിജന്റെയും ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞുവെന്ന് എംഎല്‍എ സംഗ്രാം ജഗ്താപ് പറഞ്ഞു.ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഒരുക്കങ്ങള്‍.

Exit mobile version