കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില : ഹൈദരാബാദില്‍ പൊടിപൊടിച്ച് പെരുന്നാള്‍ ഷോപ്പിംഗ്

charminar | Bignewslive

ഹൈദരാബാദ് : കോവിഡ് രണ്ടാം തരംഗത്തില്‍ ചെറിയ പെരുന്നാള്‍ വീടുകള്‍ക്കുള്ളില്‍ ചുരുങ്ങിയിരിക്കെ ഹൈദരാബാദില്‍ പെരുന്നാള്‍ ഷോപ്പിംഗിന് വന്‍ തിരക്ക്.

ചാര്‍മിനാറില്‍ പെരുന്നാളിന് വന്‍ ജനാവലിയാണ് പ്രത്യക്ഷപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിനാളുകളാണ് ചാര്‍മിനാര്‍ പരിസരത്ത് ഒത്തുകൂടിയത്. മിക്കവരും മാസ്‌കും ധരിച്ചിട്ടില്ല.വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത് തെലങ്കാനയില്‍ പത്ത് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിറ്റേന്നാണ് പെരുന്നാള്‍ തിരക്ക്.

ജനങ്ങളുടെ സൗകര്യാര്‍ഥം രാവിലെ ആറ് മുതല്‍ പത്ത് വരെ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കടകള്‍ക്ക് ഈ സമയം മാത്രം തുറന്നിരിക്കാനുള്ള അനുമതിയുണ്ട്. ബാക്കി ഇരുപത് മണിക്കൂര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പെരുന്നാള്‍ ദിനത്തില്‍ വീണ്ടും സ്ഥിതി പഴയ നിലയിലായി.

പെരുന്നാള്‍ തിരക്ക് കണക്കിലെടുത്ത് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമ്മൂദ് അലി നാല് പേരില്‍ കൂടുതല്‍ പള്ളികളില്‍ ഒത്തുകൂടരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. രൂക്ഷമാകുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആളുകളോട് കഴിവതും വീടുകള്‍ക്കുള്ളില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് ഹൈദരാബാദ് എംപി അസ്സാവുദ്ദീന്‍ ഒവൈസിയും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ മാത്രം 4,723 കോവിഡ് കേസുകളും 31 മരണവുമാണ് തെലങ്കാനയില്‍ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം അറുപതിനായിരത്തോടടുത്തു.

Exit mobile version