പൊണ്ണത്തടിയന്‍ എന്ന വിളി കേട്ട് കേട്ട് ബോറടിച്ചു! രണ്ടും കല്‍പ്പിച്ച് ഇറങ്ങിത്തിരിച്ച ഹിരണ്‍ കുറച്ചത് നാല് മാസം കൊണ്ട് 30 കിലോ!

ഈ 27 കാരന്റെ അമിതവണ്ണത്തിന്റെ കാരണം ചിട്ടയില്ലാത്ത ഭക്ഷണരീതിയായിരുന്നു.

ചിട്ടയായ ജീവിതശൈലി ആരോഗ്യം വര്‍ധിപ്പിച്ച് സുന്ദരനാക്കുമെന്ന് സ്വന്തം അനുഭവത്തില്‍ നിന്നും പഠിച്ചിരിക്കുകയാണ് ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്ന ഹിരണ്‍ യോഗേഷ് ഷാ. ഈ 27 കാരന്റെ അമിതവണ്ണത്തിന്റെ കാരണം ചിട്ടയില്ലാത്ത ഭക്ഷണരീതിയായിരുന്നു. ഒപ്പം ജോലിയുടെ ടെന്‍ഷനും ഹിരണിന്റെ ഭാരം 115 കിലോയില്‍ എത്തിച്ചു. കൂട്ടുകാരും ബന്ധുക്കളും പൊണ്ണത്തടിയനെന്നു കളിയാക്കാന്‍ തുടങ്ങിയതോടെയാണ് ഹിരണ്‍ തന്റെ ആരോഗ്യത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്.

പുറത്തുനിന്ന് ആഹാരം കഴിക്കുന്നതാണ് ഭാരം വര്‍ധിക്കുന്നതിന്റെ പിന്നിലെന്ന് ഹിരണ്‍ മനസ്സിലാക്കി. സിഎയ്ക്ക് പഠിക്കുന്ന സമയത്താണ് ഭാരം കൂടാന്‍ തുടങ്ങിയതെന്നു ഹിരണ്‍ പറയുന്നു. രാത്രി ഉറങ്ങാതിരുന്നു പഠിക്കുന്നതും പുറത്തു നിന്നുള്ള ഭക്ഷണവുമെല്ലാം കൂടി ജീവിതശൈലി തന്നെ മാറ്റിയിരുന്നു. 2018 ജൂണിലാണ് എങ്ങനെയെങ്കിലും ഭാരം കുറയ്ക്കണമെന്ന് ഹിരണ്‍ തീരുമാനിച്ചത്. ആദ്യം ചെയ്തത്, പുറത്തുനിന്നു കഴിക്കുന്നതു നിര്‍ത്തി വീട്ടിലെ ഭക്ഷണം ശീലമാക്കി എന്നതാണ്. ഹിരണിന്റെ ആഹാരശീലങ്ങള്‍ ഇങ്ങനെയായിരുന്നു.

പ്രാതല്‍ – ഒരു കപ്പ് പഴങ്ങള്‍, ഓട്‌സ്, അല്‍പം പാല്‍
ഉച്ചയ്ക്ക് – പലതരം പച്ചക്കറികള്‍ ചേര്‍ത്താണ് എപ്പോഴും ഉച്ചയ്ക്കുള്ള ആഹാരം തയാറാക്കിയിരുന്നത്. പനീര്‍, ഓട്‌സ് എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തി. സാധാരണ റൊട്ടിക്ക് പകരം വീറ്റ് ബ്രൗണ്‍ റൊട്ടി ആക്കി. സാലഡ് കൂടുതല്‍ ഉള്‍പ്പെടുത്തി.
അത്താഴം – വൈകിട്ട് ഏഴിനു മുന്‍പായി രാത്രി ആഹാരം കഴിക്കാന്‍ ശ്രദ്ധിച്ചിരുന്നു. സാലഡ്, ഓട്‌സ്, പനീര്‍, സൂപ്പ് എന്നിവയായിരുന്നു മിക്കപ്പോഴും രാത്രിയിലെ ആഹാരം.

ഇടയ്‌ക്കൊരു ചെറിയ അപകടം സംഭവിച്ചതിനാല്‍ ജിമ്മിലെ വര്‍ക്ക് ഔട്ട് ഹിരണ്‍ ഒഴിവാക്കിയിരുന്നു. പകരം 45 മിനിറ്റ് ദിവസവും നടക്കാന്‍ ശ്രമിച്ചു. ശരീരത്തില്‍ ഫാറ്റ് അടിയുന്നത് കുറഞ്ഞതോടെ വണ്ണം കുറയാന്‍ തുടങ്ങിയതായി ഹിരണ്‍ പറയുന്നു. മധുരം, മൈദ എന്നിവ പൂര്‍ണമായും ഒഴിവാക്കി. നാലു മാസം കൊണ്ട് 30 കിലോയാണ് ഹിരണ്‍ കുറച്ചത്. ഇതുകൊണ്ട് നിര്‍ത്തില്ലെന്നും ഇനിയും ചിട്ടയായിത്തന്നെയാണ് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഹിരണ്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

Exit mobile version