അമിത വിയര്‍പ്പോ, കാരണം ഇതാകാം; അകറ്റാന്‍ ചെയ്യേണ്ടത്!

അമിതവിയര്‍പ്പു കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല.

കാണാന്‍ എത്ര സുന്ദരമായി ഒരുങ്ങിയാലും വിയര്‍പ്പുനാറ്റം ഉണ്ടെങ്കില്‍ തീര്‍ന്നില്ലേ. ആളുകള്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ പോലും ഇത് കാരണമാകും. അമിതവിയര്‍പ്പു കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. വിയര്‍ക്കുന്നതു സ്വാഭാവിക പ്രക്രിയയാണെങ്കിലും ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്തുകയെന്നത് ചര്‍മത്തിന്റെ പ്രധാന ധര്‍മ്മമാണ്. ചൂടു കൂടുമ്പോള്‍ ശരീരത്തിലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി വിയര്‍പ്പുഗ്രന്ഥികള്‍ വിയര്‍പ്പ് ഉത്പാദിപ്പിച്ചു പുറംതള്ളുന്നു. അമിത വിയര്‍പ്പ് രോഗങ്ങളുണ്ടാക്കാം. ചിലപ്പോള്‍ മറ്റ് അസുഖങ്ങളുടെ ലക്ഷണവുമാകാം. മാനസികസമ്മര്‍ദം, ഹൈപ്പര്‍തൈറോയ്ഡിസം, പ്രമേഹം, ഹൃദ്രോഗങ്ങള്‍, നാഡീവ്യൂഹരോഗങ്ങള്‍, ചില അര്‍ബുദങ്ങള്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലം എന്നിവ ഉദാഹരണം. ഗര്‍ഭിണികള്‍ക്കും ആര്‍ത്തവവിരാമമെത്തിയ സ്ത്രീകള്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും വിയര്‍പ്പ് കൂടുതലായി ഉണ്ടാകാം.


ഭക്ഷണത്തിലും വേണം ശ്രദ്ധ അമിതവിയര്‍പ്പ് ഉള്ളവര്‍ ദിവസവും കുറഞ്ഞത് രണ്ട്മൂന്ന് ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങാവെള്ളം, മോര് എന്നിവയൊക്കെ കുടിക്കാം. ജലാംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കണം. അധികം ചൂടും എരിവും മസാലയുമുള്ള ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക. രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള പുറംജോലികള്‍ ഒഴിവാക്കാം. രണ്ടുനേരം കുളിച്ചു ശരീരം തണുപ്പിക്കുന്നത് വിയര്‍പ്പു കുറയ്ക്കും. അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

വിയര്‍പ്പുനാറ്റം കുറയ്ക്കാം യഥാര്‍ഥത്തില്‍ ശരീരം ഉണ്ടാക്കുന്ന വിയര്‍പ്പിന് ഒരു ഗന്ധവുമില്ല. ചര്‍മത്തിലുള്ള ബാക്ടീരിയ വിയര്‍പ്പില്‍ പ്രവര്‍ത്തിച്ചു ദുര്‍ഗന്ധമുള്ള ചില രാസപദാര്‍ഥങ്ങളുണ്ടാക്കുന്നതാണു പ്രശ്‌നം. കൂടാതെ കക്ഷത്തിലും ഗുഹ്യഭാഗങ്ങളിലും കാണുന്ന അപ്പോക്രൈന്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഫിറോമോണുകളും ദുര്‍ഗന്ധത്തിനു കാരണമാകുന്നുണ്ട്. വിയര്‍പ്പു വലിച്ചെടുക്കാന്‍ ടാല്‍ക്കം പൗഡറോ അണുബാധയുള്ളവര്‍ ആന്റിഫംഗല്‍ പൗഡറോ ഉപയോഗിക്കുക.

കക്ഷത്തിലെ രോമങ്ങള്‍ക്കിടയില്‍ ബാക്ടീരിയ വളരുമെന്നുള്ളതിനാല്‍ രോമം കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യണം. ഉള്ളി, വെളുത്തുള്ളി, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ആന്റിപേര്‍സ്പിറന്റ് സ്‌പ്രേ, ആന്റിബാക്ടീരിയല്‍ സോപ്പ്, ക്രീം എന്നിവ ഗുണം ചെയ്യും. കക്ഷത്തിലോ കൈപ്പത്തിയിലോ കാല്‍വെള്ളയിലോ മാത്രം അമിത വിയര്‍പ്പുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം അലുമിനിയം ക്ലോറൈഡ് ഹെക്‌സാഹൈഡ്രേറ്റ് അടങ്ങിയ ലോഷനോ സ്‌പ്രേയോ ഉപയോഗിക്കാം.

Exit mobile version