സഭാ തര്‍ക്കമുള്ള പള്ളിയുടെ മതില്‍ ചാടിക്കടന്ന് മൃതദേഹം സംസ്‌കരിക്കാന്‍ വയ്യ; അമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കി മക്കള്‍

അമൃത ആശുപത്രിയിലെത്തിച്ച് എംബാം ചെയ്ത ശേഷമാണ് മെഡിക്കല്‍ കോളജിന് മൃതദേഹം കൈമാറിയത്

കോലഞ്ചേരി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കി മക്കള്‍. കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെജി പൗലോസിന്റെ അമ്മ തിരുവാണിയൂര്‍ വണ്ടിപ്പേട്ട കാരക്കാട്ടില്‍ സാറാമ്മയുടെ (97) മൃതദേഹമാണ് മക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജിന് നല്‍കിയത്.

തിരുവാണിയൂര്‍ കണ്ണ്യാട്ടുനിരപ്പ് പള്ളി ഇടവകാംഗങ്ങളായ ഇവര്‍, യാക്കോബായ വിശ്വാസികളാണ്. എന്നാല്‍ സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കൈയിലാണ്. 1934ലെ ഭരണഘടന അംഗീകരിച്ചതായി എഴുതി നല്‍കി കുമ്പസാരം കൊണ്ടാല്‍ സംസ്‌കാരം അനുവദിക്കാമെന്നായിരുന്നു ഓര്‍ത്തഡോക്‌സ് വികാരിയുടെ നിലപാട്. എന്നാല്‍ സഭ വിശ്വാസമനുസരിച്ച് സംസ്‌കാരം നടത്തണമെന്നായിരുന്നു മക്കളുടെ ആഗ്രഹം. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

അമൃത ആശുപത്രിയിലെത്തിച്ച് എംബാം ചെയ്ത ശേഷമാണ് മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറിയത്. കഴിഞ്ഞ ദിവസം ഇതേ പള്ളിയില്‍ സംസ്‌കാരത്തിന് തര്‍ക്കം ഉടലെടുത്തപ്പോള്‍ സെമിത്തേരിയുടെ മതില്‍ ചാടി കടന്ന് ഒളിച്ചു സംസ്‌കരിച്ചിരുന്നു.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റുന്നു എന്ന വ്യാജേന ആംബുലന്‍സില്‍ കൊണ്ടു പോയ ശേഷം, പോലീസിന്റെയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും ശ്രദ്ധ തിരിച്ച് സെമിത്തേരിയുടെ മതില്‍ ചാടി കടന്ന് ഒളിച്ചു സംസ്‌കരിക്കുകയായിരുന്നു. എന്നാല്‍ മതില്‍ ചാടി കടന്ന് സംസ്‌ക്കാരം വേണ്ടെന്ന് സാറാമ്മയുടെ ബന്ധുക്കളും മക്കളും തീരുമാനമെടുത്തതോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കിയത്.

Exit mobile version