മൃതദേഹം ഇടവക പള്ളിയില്‍ അടക്കാം; ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: മൃതദേഹം കുടുംബ കല്ലറകളില്‍ അടക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നല്‍കി ഗവര്‍ണറുടെ അംഗീകാരത്തിനായി കൈമാറിയിരുന്നു. ഇതിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്.

ഇതോടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞാല്‍ ഒരു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. സര്‍ക്കാര്‍ തീരുമാനത്തെ ഓര്‍ത്തഡോക്‌സ് വിഭാഗം ശക്തമായി എതിര്‍ത്തപ്പോള്‍ യാക്കോബായ സഭ സ്വാഗതം ചെയ്തു.

അതെസമയം സംസ്‌കാരത്തിന് മുന്‍പുള്ള ചടങ്ങുകള്‍ പള്ളിക്ക് പുറത്തുനടത്തണം. കുടുംബത്തിന് താല്‍പര്യമുള്ള വൈദികനെ നിയോഗിക്കാം. കുടുംബക്കല്ലറ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ബാധകമാണ്.

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ പലതവണ ശ്രമിച്ചെങ്കിലും സാധ്യമായിരുന്നില്ല. തര്‍ക്കം രൂക്ഷമായ പള്ളികളില്‍ മൃതശരീരങ്ങള്‍ മാസങ്ങളോളം അടക്കം ചെയ്യാതെ വയ്ക്കുന്ന അവസ്ഥയുണ്ടായിരുന്നു. ശവസംസ്‌കാരത്തിന്റെ പേരില്‍ പലയിടങ്ങളിലും സംഘര്‍ഷവും നടന്നിരുന്നു.

ഇക്കാര്യത്തില്‍ ഇടപ്പട്ട കോടതിയും മനുഷ്യാവകാശ കമ്മീഷനും മൃതദേഹത്തോട് അനാദരവ് കാണിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് സഭ തര്‍ക്കത്തില്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെയാണ് ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയത്.

Exit mobile version