മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും പെന്‍സില്‍ പുഷ് അപ്പ് അറിഞ്ഞിരിക്കേണം

ദിവസവും മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറയില്‍ ഭൂരിഭാഗം പേരും. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ പലതിനും വഴിവെയ്ക്കാറുണ്ട്. മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമെല്ലാം ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ ആരോഗ്യം സംരക്ഷിക്കാന്‍ ഇടവേളകള്‍ കണ്ടെത്തി വ്യായാമം ചെയ്യുന്നത് ശീലമാക്കാം.

ദീര്‍ഘനേരം കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ചിലവഴിക്കുന്നവര്‍ക്ക് കൂടുതലായും കണ്ടുവരുന്നത് കാഴ്ചക്കുറവ് പോലുള്ള നേത്രപ്രശ്‌നങ്ങളാണ്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയവയുടെ അമിത ഉപയോഗം അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോള്‍ ഇരുകണ്ണുകളും ഒരുമിച്ച് പ്രവര്‍ത്തിക്കാതെ വരികയും കാഴ്ച അവ്യക്തമാവുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് നിങ്ങളെ എത്തിക്കും.

ഈ അവസ്ഥ മറികടക്കാന്‍ പറ്റിയ ഏറ്റവും നല്ല നേത്രവ്യായാമമാണ് പെന്‍സില്‍ പുഷ് അപ്പ്. ഇത് ചെയ്യേണ്ട വിധം എങ്ങനെയാണെന്ന് നോക്കാം.

1. ആദ്യം സൗകര്യപ്രദമായ വിധത്തില്‍ എവിടെയെങ്കിലും നില്‍ക്കുക.
2. ശേഷം ഒരു പെന്‍സില്‍ കൈയിലെടുത്ത് അതിന്റെ അഗ്രഭാഗം മൂക്കിന് മുന്നിലായി കൈയുടെ നീളത്തില്‍ നീട്ടിപ്പിടിക്കുക. പെന്‍സിലിന്റെ അഗ്രഭാഗത്തേക്ക് ഫോക്കസ് ചെയ്യുക.
3. പതുക്കെ പെന്‍സില്‍ മൂക്കിനടുത്തേക്ക് കൊണ്ടുവരിക.
4. അവ്യക്തമായോ, രണ്ടായോ കാണാന് തുടങ്ങിയാല്‍ പിന്നെ പെന്‍സില്‍ ചലിപ്പിക്കരുത്.
5. ആ പൊസിഷനില്‍ അല്പസമയം അങ്ങനെ നിര്‍ത്തുക. ശേഷം വീണ്ടും പെന്‍സില്‍ പഴയ പൊസിഷനിലേക്ക് തിരിച്ചെത്തിച്ച് പരിശീലനം ആവര്‍ത്തിക്കുക.

Exit mobile version