ഹെല്‍ത്തി സ്റ്റഫ്ഡ് ചപ്പാത്തി തയ്യാറാക്കാം…

രുചികരമായ ഹെല്‍ത്തി സ്റ്റഫ്ഡ് ചപ്പാത്തി എളുപ്പത്തില്‍ തയ്യാറാക്കാം. സ്‌കൂള്‍ വിട്ട് ക്ഷീണിച്ച് വരുന്ന നിങ്ങളുടെ കുട്ടിക്ക് ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും.

ഇതിനാവശ്യമായ ചേരുവകള്‍ ;

(രണ്ടു ചപ്പാത്തിക്ക് ഉള്ളത് )

കോഴിമുട്ട – 1

സവാള കൊത്തിയരിഞ്ഞത് -1

പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -2

തക്കാളി – 1ചെറുതായി അരിഞ്ഞത്

പച്ച ചീരയില ചെറുതായി അരിഞ്ഞ ത് – അര കപ്പ്

കുരുമുളക്‌പൊടി – രണ്ടു നുള്ള്

വെളിച്ചെണ്ണ – 2 സ്പൂണ്‍

ബട്ടര്‍ – 2 വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

ഗോതമ്പു മാവ് – ആവശ്യം അനുസരിച്ച് (ഈ അളവിലുള്ള മസാല കൊണ്ട് രണ്ടോ മൂന്നോ ചപ്പാത്തി വരെ തയ്യാറാക്കാം )

തയ്യാറാക്കുന്ന വിധം ;

ഗോതമ്പു മാവ് ഉപ്പും ഇളം ചൂട് വെള്ളവും ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ച് വയ്ക്കുക. മുട്ട പാകത്തിന് ഉപ്പു ചേര്‍ത്ത് കലക്കി വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാല്‍ അരിഞ്ഞു വെച്ച സവാള, പച്ചമുളക് എന്നിവ അല്പം ഉപ്പു ചേര്‍ത്തു വഴറ്റുക.

ഇതിലേയ്ക്കു അരി ഞ്ഞുവെച്ച ചീരയില കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം അരിഞ്ഞു വെച്ച തക്കാളി കൂടി ചേര്‍ത്ത് തക്കാളി വാടി വരുമ്പോള്‍ നേരത്തെ കലക്കി വെച്ച മുട്ട കൂടി ഇതില്‍ ചേര്‍ത്ത് മുട്ടവേവുന്നതുവരെ നന്നായി ചിക്കിയെടുക്കുക.

ശേഷം കുരുമുളക് പൊടി കൂടി ചേര്‍ത്ത് ഇളക്കി ഇറക്കുക. ഇനി ഒരു ചപ്പാത്തിക്കല്ലില്‍ അല്പം എണ്ണ പുരട്ടിയ ശേഷം കുഴച്ചു വെച്ച മാവില്‍ നിന്നും ഒരു കൈവെള്ളയില്‍ ഒതുങ്ങുന്ന വലുപ്പത്തില്‍ മാവ് ഉരുട്ടി എടുത്ത് നല്ല വലിപ്പത്തില്‍ കനം കുറച്ച് പരത്തിയെടുക്കുക. ശേഷം തയ്യാറാക്കിവെച്ച മസാലക്കൂട്ടില്‍ നിന്നും പകുതി എടുത്ത് നടുഭാഗത്തായി നിരത്തിയ ശേഷം മാവ് നാലു വശത്തു നിന്നും മടക്കുക.

ഇനി തിരിച്ചു വെച്ച് പതുക്കെ ചതുരത്തില്‍ തന്നെ കാല്‍ ഇഞ്ച് കനത്തില്‍ പരത്തിയെടുക്കുക. ശേഷം ചൂടായ തവയില്‍ ഒരു വലിയ സ്പൂണ്‍ ബട്ടര്‍ ഒഴിച്ച്
ചപ്പാത്തി അതില്‍ വെച്ച് തിരിച്ചും മറിച്ചും ഇട്ട് പൊളിച്ച് എടുക്കുക.

വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഈ വിഭവം ആരോഗ്യത്തിനും ഏറെ നല്ലതാണ്.

Exit mobile version