കോവിഡ് രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷനും ഭക്ഷണവും ഉറപ്പാക്കണം : സുപ്രീംകോടതി

Supreme court | Bignewslive

ന്യൂഡല്‍ഹി : കോവിഡ് രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കാലം കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷനും ഭക്ഷണവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. റേഷന്‍ കാര്‍ഡില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കണം. അസംഘടിത മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷന് ജൂലൈ 31നകം ദേശീയ പോര്‍ട്ടല്‍ ആരംഭിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുന്നതിനുള്ള പദ്ധതി ജൂലൈ 31നകം സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്ന ഭക്ഷ്യ ധാന്യങ്ങള്‍ കൈമാറണം എന്ന് കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി എല്ലാ സംസ്ഥാനങ്ങളും നടപ്പിലാകണം. ജൂലൈ 31നകം പദ്ധതി നടപ്പിലാക്കാനാണ് നിര്‍ദേശം.

കുടിയേറ്റ തൊഴിലാളികള്‍ക്കായി ആരംഭിച്ച സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം മഹാമാരി ഉണ്ടാക്കുന്ന പ്രതിസന്ധി കഴിയുന്നത് വരെ തുടരണമെന്നും കോടതി നിര്‍ദേശിച്ചു. അസംഘടിത മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷനായി പ്രത്യേക പോര്‍ട്ടല്‍ ജൂലൈ 31നകം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എന്‍ഐസിയും ആയി സഹകരിച്ചാണ് പോര്‍ട്ടല്‍ രൂപീകരിക്കേണ്ടത്.

Exit mobile version