കുരുമുളകിട്ട് വരട്ടിയ നാടന്‍ ബീഫ് ഫ്രൈ എളുപ്പത്തില്‍ ഉണ്ടാക്കാം

ഭക്ഷണ പ്രിയരായ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് ബീഫ്. ബീഫ് റോസ്റ്റ് ബീഫ് കറി തുടങ്ങിയ നിരവധി വിഭവങ്ങളാണ് ആളുകള്‍ പരീക്ഷിക്കുന്നത്. അത്തരത്തില്‍ ബീഫ് വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാന്‍ കഴിയുന്ന ബീഫ് ഫ്രൈ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ആവശ്യമുള്ള ചേരുവകള്‍

ബീഫ് – 1 കിലോ ചെറുതായി അരിഞ്ഞത്
സവാള – 3 ഒരു വലുതും രണ്ട് ചെറുതും
ഇഞ്ചി – ഒരു വലിയ കഷണം ചതച്ചത്
വെളുത്തുള്ളി – 810 ഗ്രാം ചതച്ചത്
കടുക് – കാല്‍ സ്പൂണ്‍
പച്ചമുളക് – 6 എണ്ണം ചെറുതായി അരിഞ്ഞത്
മുളക്പൊടി – 1 സ്പൂണ്‍
മല്ലിപ്പൊടി – 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
ഗരം മസാല – 1 സ്പൂണ്‍
ചുവന്നുള്ളി – 15 ചെറുതായി അരിഞ്ഞത്
കുരുമുളക്പൊടി – 1 സ്പൂണ്‍
പെരുഞ്ചീരകം – 1 സ്പൂണ്‍
തേങ്ങാക്കൊത്ത് – 3 സ്പൂണ്‍
കറിവേപ്പില – 15 തണ്ട്
വെളിച്ചെണ്ണ – 2 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ബീഫ് കഴുകി കാല്‍ സ്പൂള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും അല്‍പ്പം കുരുമുളക് പൊടിയും ആവശ്യത്തിന് വെള്ളവും (1 കിലോ ബീഫിന് 1/2 കപ്പു വെള്ളം) ചേര്‍ത്ത് കുക്കറില്‍ വേവിക്കാന്‍ വെക്കുക. ശേഷം ഒരു ചീനച്ചട്ടിയില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില തേങ്ങാക്കൊത്തും ചേര്‍ത്ത് മൂപ്പിക്കുക. നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക.

ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം പോയി കഴിഞ്ഞാല്‍ ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന ചെറിയ ഉള്ളിയും സവാളയും പച്ചമുളകും ഇട്ട് വഴറ്റുക. ശേഷം മുളക്‌പൊടി, മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഗരം മസാലയും ബീഫ് വേവിച്ച വെള്ളം കുറച്ച് ഒഴിച്ച് വഴറ്റുക. നന്നായി വഴറ്റിയ ശേഷം വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് നന്നായി ഇളക്കുക.

വെള്ളം വറ്റുന്തോറും മസാലയെല്ലാം നന്നായി ബീഫില്‍ പിടിയ്ക്കും. നന്നായി ഫ്രൈ ആകാന്‍ ഏകദേശം 15-20 മിനിറ്റ് വേണം. തീ കുറച്ച് വെച്ച് അടിയ്ക്ക് പിടിക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. ഇതില്‍ കുറച്ച് പെരുംജീരകം പൊടിച്ച് ഒരു നുള്ള് വിതറി ഒരു തണ്ട് കറിവേപ്പിലയും കാല്‍ സ്പൂണ്‍ കുരുമുളക്‌പൊടിയും ഇട്ട് അടച്ചു വെക്കുക. രുചികരമായ ബീഫ് ഫ്രൈ റെഡി. വേണമെങ്കില്‍ ചെറുതായി അറിഞ്ഞ മല്ലിയില വിതറാം.

Exit mobile version