റെക്കോര്‍ഡിടാന്‍ ഒരുങ്ങി ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’; ഒരേസമയം 34 താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ്

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് റെക്കോര്‍ഡ് ആക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. സാധാരണ ഒരു ചിത്രത്തിന്റെ ട്രെയിലര്‍ ഒന്നിലധികം താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തിറക്കുന്ന ട്രെന്റ് തുടങ്ങിയിട്ട് കുറച്ചുകാലമായി.

എന്നാല്‍ ഇത്തവണ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത് ഒരേ സമയം 34 താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ആണ്. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് കൊച്ചി ലുലു മാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാലാണ് ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത്. അതേസമയം തന്നെ 34 താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലുടെയും ട്രെയിലര്‍ എത്തും.

ശ്രീനിവാസന്‍, മമ്മൂട്ടി, ജയറാം, ബിജു മേനോന്‍, ഫഹദ്, ഷെയ്ന്‍ നിഗം, ജയസൂര്യ, ഇന്ദ്രജിത്ത്, വിനീത്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, വിനായകന്‍, മുരളി ഗോപി, ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമ്മൂട്, ആസിഫ് അലി, കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി, മിയ, നിമിഷ സജയന്‍, അജു വര്‍ഗീസ്, അനു സിത്താര, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ആന്റണി വര്‍ഗീസ്, ഹണി റോസ്, അനൂപ് മേനോന്‍, അപര്‍ണ ബാലമുരളി, ആത്മീയ, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, വിനയ് ഫോര്‍ട്ട്, വിജയ് സേതുപതി, ദിലീപ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ ആണ് ട്രെയിലര്‍ ഒരേസമയം എത്തുക.

നാല് വര്‍ഷത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ചിത്രത്തില്‍ പൊറിഞ്ചുവായി എത്തുന്നത് ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദുമാണ് എത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് പതിനഞ്ചാണ് ചിത്രം റിലീസ് ചെയ്യുക.

Exit mobile version