‘സൗഹൃദ സദസ്സില്‍ വെച്ച്, ഇങ്ങനെ ഒരു ആശയം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു, പക്ഷേ, അതൊരു സിനിമയുടെ രൂപത്തിലേക്കെത്തിയിട്ടില്ല’; എംജി ശ്രീകുമാര്‍ നായകനായി എത്തുന്നതിനെ കുറിച്ച് ശ്യാമപ്രസാദ്

അറുപത് വയസ് കഴിഞ്ഞ ഗായകന്റെ ജീവിത കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എംജി ശ്രീകുമാര്‍ ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ നായകനായി എത്തുന്നുവെന്ന തരത്തില്‍ വാര്‍ത്ത വന്നത്. അറുപത് വയസ് കഴിഞ്ഞ ഗായകന്റെ ജീവിത കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണ് സംവിധായകന്‍ ശ്യാമപ്രസാദ് വ്യക്തമാക്കിയിരിക്കുന്നത്. ‘ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത കണ്ട് ഞാനും അതിശയിച്ചു. സിനിമ പ്രഖ്യാപിക്കപ്പെട്ടു എന്ന തരത്തിലാണ് പല റിപ്പോര്‍ട്ടുകളും. പക്ഷേ, സത്യം അതല്ല. ഒരു സൗഹൃദ സദസ്സില്‍ വച്ച്, ഇങ്ങനെ ഒരു ആശയം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. പക്ഷേ, അതൊരു സിനിമയുടെ രൂപത്തിലേക്കെത്തിയിട്ടില്ല. പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല’ എന്നാണ് വനിതയുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സുബില്‍ സുരേന്ദ്രന്‍ സംവിധാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന ചിത്രത്തിലാണ് എംജി ശ്രീകുമാര്‍ ഒരു മുഴുനീള വേഷം ചെയ്തിട്ടുള്ളത്.

Exit mobile version