ചെറിയ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍; ‘ലൗ ആക്ഷന്‍ ഡ്രാമ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഓണം റിലീസായാണ് തീയ്യേറ്ററുകളിലെത്തുക

ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. നടന്‍ ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.

അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലെ താരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അജു വര്‍ഗ്ഗീസ്, ഹരികൃഷ്ണന്‍, ഭഗത്, നന്ദന്‍, ശ്രാവണ്‍, ശ്രീനിവാസന്‍, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളായിട്ടാണ് നിവിനും നയന്‍താരയും ചിത്രത്തിലെത്തുന്നത്. തളത്തില്‍ ദിനേശനായി നിവിനും ശോഭയായി നയന്‍താരയും. കഥാപാത്രങ്ങളുടെ പേര് മാത്രമേയുള്ളൂ, കഥയും സ്വഭാവവും മറ്റൊന്നാണ്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഓണം റിലീസായാണ് തീയ്യേറ്ററുകളിലെത്തുക.

Exit mobile version